Top News
ZOO OUT OF THE CITY?

തിരുവനന്തപുരം മൃഗശാല മാറ്റുമോ? വിവാദം ശക്തം; പ്രതികരണവുമായി മന്ത്രി

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു.

മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരമധ്യത്തിൽ നിന്ന് മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതിനാണ് നിലവിൽ ആലോചന.

മൃഗശാല മാറ്റുന്നതിലൂടെ തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ മാതൃകയിൽ മൃഗശാല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലെ രീതിയിൽ മനുഷ്യർ മൃഗങ്ങളെ കാണുന്നതിന് പകരം, മൃഗങ്ങൾ മനുഷ്യരെ കാണുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം എന്നും മന്ത്രി പറഞ്ഞു.

അതേസമയം, മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടെന്ന സിപിഐഎം ആരോപണത്തോടും മന്ത്രി പ്രതികരിച്ചു.

ഒരു വിഭാഗം ചെയ്യുമ്പോൾ മാത്രം ശരിയെന്നും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റെന്നും പറയുന്നത് ശരിയായ നിലപാടല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മൃഗശാല മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സി. പി. ജോണും രംഗത്തെത്തി. നഗരമധ്യത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും നഗരത്തിലെ ശബ്ദമലിനീകരണം മൃഗങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരം മേയർ വി. വി. രാജേഷും യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരീനാഥനും മൃഗശാല മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ചു.

നഗരം വളർന്നതോടെ 160 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും, നഗരമധ്യത്തിലെ പരിമിതികൾ കാരണം മൃഗങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്നും മേയർ വി. വി. രാജേഷ് പറഞ്ഞു.

നേപ്പിയർ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിൽപ്പെട്ടവയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് മൃഗശാല മാറ്റേണ്ടതുണ്ടെന്നും കെ. എസ്. ശബരീനാഥനും വ്യക്തമാക്കി.

അതേസമയം, മൃഗശാല മാറ്റാനുള്ള നീക്കത്തിനെതിരെ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ വി. കെ. പ്രശാന്ത് രംഗത്തെത്തി.

മുഖ്യമന്ത്രി വി. ഡി. സതീശന്റെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന് വി. കെ. പ്രശാന്ത് ആരോപിച്ചു. മൃഗശാല മുതലാളിമാർക്ക് കൈമാറാനുള്ള ശ്രമമുണ്ടോയെന്ന സംശയം ഉന്നയിച്ച അദ്ദേഹം, പദ്ധതി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും പറഞ്ഞു.

നിലവിൽ മൃഗശാല മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ചർച്ചയാകുകയാണ്.

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ തന്നെ തുടരുമോ, അതോ നെയ്യാറിലേക്ക് മാറ്റുമോ എന്നതിലാണ് ഇനി ശ്രദ്ധ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു