സംസ്ഥാനത്ത് പനി കേസുകളിൽ ആശങ്കപ്പെടുത്തുന്ന വർധന.
ഇൻഫ്ലുവൻസയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി.
ഈ മാസം ഇതുവരെ 20 പേർ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചതായാണ് കണക്കുകൾ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ മാസം ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിച്ചതായും 119 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മരണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്.
ഇവ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളാകാം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് പകരം ഉടൻ ഡോക്ടറുടെ സഹായം തേടണം.
രോഗലക്ഷണങ്ങളുള്ളവർ പൂർണ്ണമായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗബാധിതർ മാസ്ക് ധരിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ശ്രദ്ധ പുലർത്തണം.
പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
അതേസമയം, ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത അനിവാര്യമാണ്. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ പെരുകാനുള്ള സാധ്യത കൂടുതലാണ്.
വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
ഡ്രൈ ഡേ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച തൊഴിലിടങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം.
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികളുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതെ കൃത്യമായി നീക്കം ചെയ്യണം. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവയ്ക്കണം.
കൊതുകുകടി ഒഴിവാക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം. പ്രത്യേകിച്ച് രണ്ടാം തവണ ഡെങ്കിപ്പനി ബാധിക്കുന്നത് ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.
സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ലക്ഷണങ്ങളെ നിസാരമായി കാണാതെ കൃത്യസമയത്ത് ചികിത്സ തേടുകയും വീടും പരിസരവും കൊതുകുമുക്തമായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.


