ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിക്ക് പൊലീസ് എൻകൗണ്ടറിൽ ഗുരുതര പരിക്ക്.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച 21കാരനായ ഹേമന്തിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ആറ് തവണയാണ് പ്രതിക്ക് നേരെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്.. രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
അധ്യാപിക ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസ് മുറിയിലെത്തിയ പ്രതി വിദ്യാർത്ഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി.
പെൺകുട്ടിയുടെ ബന്ധു കൂടിയാണ് പ്രതിയായ ഹേമന്ത്. ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ഇക്കാര്യം കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പ്രതിയെ എൻകൗണ്ടറിൽ വധിക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് തെളിവെടുപ്പിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും തുടർന്ന് വെടിവെച്ചെന്നുമുള്ള പൊലീസിന്റെ വിശദീകരണം പുറത്തുവന്നത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഹേമന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായി കുടുംബം അറിയിച്ചു. നിലവിൽ ബെംഗളൂരുവിൽ ചികിത്സ തുടരുകയാണ്. ക്ലാസ് മുറിക്കുള്ളിൽ നടന്ന ആക്രമണവും പിന്നാലെയുണ്ടായ പൊലീസ് വെടിവെപ്പും ആന്ധ്രാപ്രദേശിൽ വലിയ ആശങ്കയും ചർച്ചയുമുണ്ടാക്കിയിരിക്കുകയാണ്.


