Top News
expert panel seeks kiifb overhaul

കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് വേണം: ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് ആരോപിച്ച് വിദഗ്ധ സമിതി, പരിശോധനയ്ക്ക് ശുപാർശ

കിഫ്ബിയുടെ പ്രവർത്തനത്തിൽ സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് നിർദേശിച്ച് വിദഗ്ധ സമിതി റിപ്പോർട്ട് നിയമസഭയിൽ. നിലവിലെ രീതിയിൽ കിഫ്ബി തുടരേണ്ടതില്ലെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

കിഫ്ബി സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും കടമെടുപ്പ് അവസാനിപ്പിച്ച് നിലവിലുള്ള പദ്ധതികളിൽ സമഗ്ര പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ ആരോപിക്കുന്നു. കണ്ണൂർ ജില്ലയിൽ 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് ഏറ്റെടുത്ത നടപടിയിൽ സമഗ്ര അന്വേഷണം വേണമെന്നും സമിതി ആവശ്യപ്പെട്ടു.

ഭൂമിയുടെ വിലയേക്കാൾ അഞ്ചിരട്ടി തുക നൽകിയെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ വിശദമായി പരിശോധിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഓഡിറ്റ് വേണമെന്നും കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

വിപണിയിൽനിന്ന് കിഫ്ബി നേരിട്ട് വായ്പയെടുക്കുന്നത് അനുവദിക്കരുതെന്നും വായ്പയെടുക്കാനുള്ള വ്യവസ്ഥകൾ കിഫ്ബി നിയമത്തിൽനിന്ന് ഒഴിവാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

കിഫ്ബിയുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന നിലപാടും റിപ്പോർട്ടിലുണ്ട്.

കിഫ്ബിയുടെ നിലവിലുള്ള ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും കടം തിരിച്ചടയ്ക്കാൻ വാർഷിക ബജറ്റിൽ മതിയായ തുക വകയിരുത്തണമെന്നും സമിതി നിർദേശിക്കുന്നു.

നിലവിൽ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കണം. ഇതിനായി 2026–27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ബജറ്റിൽ ആവശ്യമായ തുക നീക്കിവയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബിയുടെ ഉയർന്ന പലിശയുള്ള കടങ്ങൾ പുനഃക്രമീകരിക്കണമെന്നും കുറഞ്ഞ പലിശയുള്ള വായ്പകളിലേക്ക് മാറ്റി പലിശഭാരം കുറയ്ക്കണമെന്നും സമിതി ശുപാർശ ചെയ്തു.

സ്ഥാപനത്തിന്റെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്തി കിഫ്ബി പുനഃസംഘടിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ഫണ്ട് സമാഹരിക്കുകയും പദ്ധതികൾക്ക് ധനസഹായം നൽകുകയും ചെയ്യുന്ന നിലവിലെ രീതിയിൽ കിഫ്ബി തുടരേണ്ടതില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിലപാട്.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കാതെ മൂലധനം സമാഹരിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് കിഫ്ബി വ്യതിചലിച്ചെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകൾ, വായ്പാ രീതി, ഭൂമി ഏറ്റെടുക്കൽ നടപടികൾ, നിലവിലുള്ള പദ്ധതികൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കണമെന്നതാണ് റിപ്പോർട്ടിന്റെ പ്രധാന നിർദേശം.

റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ കിഫ്ബിയുടെ പ്രവർത്തനത്തിലും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള ധനസമാഹരണ രീതിയിലും വലിയ മാറ്റങ്ങളുണ്ടാകും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു