കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിന്. TL 360615 എന്ന നമ്പറിനാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
തളിപ്പറമ്പിലെ പി.വി. വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് എത്തിയത്. അനീഷ് എം.വിയാണ് ഏജന്റ്.
ഇത് അനീഷിനെ തേടിയെത്തുന്ന രണ്ടാമത്തെ ബമ്പർ ഭാഗ്യമാണ്. നേരത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനവും ഇദ്ദേഹത്തിന്റെ ഏജൻസി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. 18 വർഷമായി ലോട്ടറി വിൽപ്പന രംഗത്ത് സജീവമായ അനീഷിന് ആറ് ലോട്ടറി കടകളുണ്ട്. ഇതിൽ നാലെണ്ണം ഹോൾസെയിൽ കടകളാണ്.
അതേസമയം, തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച 20 ടിക്കറ്റുകളിൽ മൂന്ന് ടിക്കറ്റുകൾ പഴവങ്ങാടി, കല്ലമ്പലം, വൈറ്റില എന്നിവിടങ്ങളിൽ നിന്നുള്ള ഭഗവതി ഏജൻസിയുടേതാണ്.
500 രൂപയാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. ഇത്തവണ 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു.
തിരുവോണം ബമ്പർ സമ്മാനഘടന
- ഒന്നാം സമ്മാനം: 30 കോടി രൂപ
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
- മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്
- നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്
- അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്
- ആറാം സമ്മാനം: 5,000 രൂപ വീതം
- ഏഴാം സമ്മാനം: 2,000 രൂപ വീതം
- എട്ടാം സമ്മാനം: 1,000 രൂപ വീതം
- ഒൻപതാം സമ്മാനം: 500 രൂപ വീതം
- സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്


