കേരള ഹൗസിലെ നിയമവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകൾ മോഷണംപോയെന്നാരോപിച്ച് ഡൽഹി പോലീസിൽ പരാതി.
നിയമവിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് സംഭവത്തിൽ തിലക് മാർഗ് പോലീസിൽ പരാതി നൽകിയത്. കേരള ഹൗസിലെ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. ഔദ്യോഗിക രേഖകൾ മോഷ്ടിച്ചുവെന്ന ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ മോഷ്ടിക്കപ്പെട്ടുവെന്നതാണ് ഡൽഹി പോലീസിൽ നൽകിയ പരാതിയിലെ പ്രധാന ആരോപണം.
കേരള ഹൗസിലെ നിയമവിഭാഗം മേധാവിയായിരുന്ന അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്സിനെ കഴിഞ്ഞ മാസം അഞ്ചാം തീയതി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു.
ഗുരുതരമായ കൃത്യവിലോപം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷവും പലതവണ അനുമതിയില്ലാതെ ഗ്രാൻസി നിയമവിഭാഗത്തിലെ ഓഫീസിൽ പ്രവേശിച്ചതായാണ് പരാതിയിലെ ആരോപണം.
നിയമവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന അറ്റൻഡൻസ് രജിസ്റ്റർ നിലവിൽ കാണാനില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രജിസ്റ്റർ ഗ്രാൻസി മോഷ്ടിച്ചിരിക്കാമെന്ന് സംശയിക്കുന്നതായും ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ചില ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവ കൈമാറിയില്ലെന്നും പരാതിയിൽ പറയുന്നു.
കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആവശ്യപ്പെട്ട രേഖകളും ഫയലുകളും കൈമാറാതിരുന്നതെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.
ബലംപ്രയോഗിച്ച് ഓഫീസിൽ അതിക്രമിച്ച് കയറിയെന്നും തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കൂടാതെ, കാർക്കിച്ച് തുപ്പിയെന്നും പരാതിയിൽ ആരോപണമുണ്ട്. നിയമവിഭാഗത്തിൽ സൂക്ഷിച്ചിരിക്കുന്ന ഔദ്യോഗിക രേഖകൾ ഇനിയും മോഷണം പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ വിഷയത്തിൽ പോലീസ് അടിയന്തരമായി നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും വിവിധ ട്രിബ്യൂണലുകളിലുമായി നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി രേഖകൾ കേരള ഹൗസിലെ നിയമവിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന പരാതിയും തുടർന്നുണ്ടായ ആരോപണങ്ങളും രേഖകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിലെ സാഹചര്യം തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് സർക്കാർവൃത്തങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


