തിരക്കേറിയ റോഡിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനം.
കഴക്കൂട്ടം ബൈപ്പാസിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സ്റ്റിയറിങ് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടി നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡ്രൈവിങ് സീറ്റിലിരുന്ന മുതിർന്നയാളുടെ മടിയിലിരുന്നാണ് കുട്ടി സ്റ്റിയറിങ് നിയന്ത്രിക്കുന്നത്. കാറിൽ മറ്റ് മുതിർന്ന യാത്രക്കാരുമുണ്ടായിരുന്നു.
സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്.
തിരക്കേറിയ ഹൈവേയിലൂടെ കുട്ടിയെക്കൊണ്ട് വാഹനം നിയന്ത്രിപ്പിച്ച സംഭവം റോഡ് സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ വിമർശനവും ഉയരുകയാണ്.
നെടുമ്പാശ്ശേരിയിൽ 19 വയസ്സുകാരനും ചേരാനല്ലൂരിൽ 17 വയസ്സുകാരനും വാഹനമോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളും റോഡ് സുരക്ഷയും വലിയ ചർച്ചയായിരിക്കുകയാണ്.
ഇതിനിടെയാണ് കഴക്കൂട്ടം ബൈപ്പാസിലെ ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
കുട്ടികളുടെ സുരക്ഷയും പൊതുനിരത്തിലെ യാത്രക്കാരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ അധികൃതരുടെ തുടർനടപടികൾ ശ്രദ്ധേയമാകുകയാണ്.


