Top News
പാലക്കാട് കോട്ടോപ്പാടം ക്രൈം നടന്ന വീട്

പാലക്കാട് കോട്ടോപ്പാടത്ത് ദാരുണം: കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: കോട്ടോപ്പാടത്ത് കുടുംബവഴക്കിനിടെ ദമ്പതികൾ മരിച്ചു. നായാടിപ്പാറ പള്ളത്ത് ഉന്നതിയിൽ സുകുമാരൻ (45), ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം.

ഭാര്യയെ വെട്ടിക്കൊന്ന ശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ദീപ ഒരു മാസമായി പാലക്കാട്ടെ ഒരു വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം സുകുമാരൻ ദീപയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ശേഷം ഇവർ ബാങ്കിലെത്തിയിരുന്നു. വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് ഇവർ പുറത്തുപോയതെന്ന് കരുതുന്നു.

തിരികെ വീട്ടിലെത്തിയ ശേഷം ഇവർ വീണ്ടും വഴക്കിട്ടു. വാക്കേറ്റത്തിനിടയിൽ സുകുമാരൻ ദീപയെ ചുമരിലേക്ക് തള്ളി. തുടർന്ന് കത്തിയുപയോഗിച്ച് കഴുത്തിൽ വെട്ടി.

വീട്ടിലുണ്ടായിരുന്ന ഇവരുടെ 19 വയസ്സുള്ള മകൾക്ക് സംഭവസ്ഥലത്ത് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അലറിക്കരയുന്ന ശബ്ദം കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ദീപയെ ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദീപയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുകുമാരൻ സ്വയം കഴുത്തറുത്ത് മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ടോടെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു