Top News
gunman statement out

വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി

മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഡിജിപിക്ക് പരാതി നൽകി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വീണാ ജോർജിന്റെ ഗൺമാൻ എസ്‌ഐടിക്ക് നൽകിയ പുതിയ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്‌യുവിന്റെ നീക്കം.

പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ തന്നെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന തരത്തിൽ വീണാ ജോർജ് പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം.

ഗൺമാനെക്കൊണ്ട് വ്യാജമൊഴി നൽകിക്കാൻ വീണാ ജോർജ് നിർബന്ധിച്ചെന്നും കെഎസ്‌യു ആരോപിക്കുന്നു.

പൊതുപ്രവർത്തകർ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും, വീണയുടെ നിർദേശപ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നുമാണ് ഗൺമാൻ അഭിലാഷ് എസ്‌ഐടിക്ക് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന മൊഴി.

ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണയുടെ നിർദേശപ്രകാരമാണ് നൽകിയതെന്നും അഭിലാഷ് പറഞ്ഞതായാണ് വിവരം.

ഗൺമാന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.

എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കിയിരുന്നു.

സംഭവത്തിൽ ഗൺമാനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്. തെറ്റായ മൊഴി നൽകിയെന്ന ആരോപണമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുക.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണ-പ്രതിപക്ഷ പോരിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച സംഭവമായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം.

ഫെബ്രുവരി 25ന് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സംഭവത്തിൽ വീണാ ജോർജിന്റെ പങ്കിനെക്കുറിച്ചുള്ള കെഎസ്‌യുവിന്റെ ആരോപണങ്ങൾക്കും പുതിയ മൊഴി പുറത്തുവന്നതോടെ രാഷ്ട്രീയ പ്രാധാന്യം വർധിച്ചിരിക്കുകയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു