ബെംഗളൂരു നന്ദി ഹിൽസിന് സമീപത്തെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്.
കോഴിക്കോട് സ്വദേശി പി.പി.സഞ്ജീത് അലിയെ (28) അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അലിയാണ് ഹോംസ്റ്റേയിൽ മുറി ബുക്ക് ചെയ്തത്. സുരഭി എപ്പോഴാണ് മുറിയിലെത്തിയതെന്ന് വ്യക്തമല്ലെന്ന് ജീവനക്കാർ മൊഴി നൽകി.
തിങ്കളാഴ്ച മുറി ഒഴിയാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധന നടത്തി. ഈ സമയത്താണ് സുരഭിയുടെ മൃതദേഹം കഴുത്തിൽ കുരുക്കോടെ കണ്ടെത്തിയത്.
അലി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. സഞ്ജീത് അലിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും ഗുളികകളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുദ്ദേനഹള്ളിയിലെ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റാണ് സുരഭി. അലി ബെംഗളൂരുവിൽ കാർ ഡ്രൈവറാണ്.


