Top News
5 day work week

സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി???

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദേശത്തിൽ ചർച്ച നടത്താൻ ഈ മാസം 17ന് സർവീസ് സംഘടനകളുടെ യോഗം ചേരും.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായി രാവിലെ 11 മണിക്കാണ് യോഗം.

ഞായറാഴ്ചയ്ക്കു പുറമേ ശനിയാഴ്ചയും അവധി നൽകുന്നതിനുള്ള നിർദേശത്തെ വിവിധ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.

എന്നാൽ നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിക്കുറയ്ക്കുന്നതിനോട് ചില സംഘടനകൾക്ക് എതിർപ്പുണ്ട്. സംഘടനകൾ തങ്ങളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനങ്ങളും രണ്ട് അവധിദിനങ്ങളും എന്ന രീതിയാണ് സർക്കാർ പരിഗണിക്കുന്നത്.

കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നു.

അഞ്ച് പ്രവർത്തിദിനങ്ങൾ എന്ന നിർദേശത്തോട് ഇടത്, വലത് അനുകൂല സർവീസ് സംഘടനകൾക്ക് പൊതുവേ യോജിപ്പുണ്ട്. എന്നാൽ ജീവനക്കാരുടെ അവകാശങ്ങളും അവധികളും വെട്ടിക്കുറയ്ക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ വ്യക്തമാക്കി.

അതേസമയം, പ്രവർത്തിദിനങ്ങൾ കുറയ്ക്കുന്നത് പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. ആഴ്ചയിൽ രണ്ട് അവധിദിനങ്ങൾ നടപ്പാക്കുന്നതിനൊപ്പം നിലവിലുള്ള അവധികളും ലീവുകളും വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തോട് സംഘടനകൾ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു