Top News
student humiliated at school

തലകറങ്ങി വീണ വിദ്യാർത്ഥിനിയെ ചവിട്ടിയെന്ന് പരാതി; കണ്ണൂരിൽ അധ്യാപികക്കെതിരെ പ്രതിഷേധം

കണ്ണൂർ ഇരിട്ടിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു.

കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചതായും, നിലത്ത് വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. ആരോപണവിധേയയായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തിൽ ദുരനുഭവമുണ്ടായതെന്നാണ് പരാതി. രക്തത്തിലെ സോഡിയത്തിന്റെ അളവിൽ വ്യതിയാനം ഉണ്ടാകുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെന്നും ഇക്കാര്യം സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്ക് തലകറക്കം അനുഭവപ്പെട്ട് ക്ലാസ് മുറിയിൽ വീണത്. കുട്ടി വീണതിനെ തുടർന്ന് സഹപാഠികൾ വിവരം പ്രധാനാധ്യാപകനെ അറിയിക്കാനായി മുറിയിലെത്തുകയായിരുന്നു.

എന്നാൽ അവിടെ ക്ലാസ് ടീച്ചർ കൂടിയായ ആരോപണവിധേയയായ അധ്യാപികയാണ് ഉണ്ടായിരുന്നതെന്നാണ് കുട്ടികൾ പറയുന്നത്.

വയ്യാതെ വീണ കുട്ടിയുടെ വിവരം അറിയിച്ചപ്പോൾ, കുട്ടി എന്തുകൊണ്ട് നേരിട്ട് തന്നോട് വിവരം അറിയിച്ചില്ല എന്ന രീതിയിലുള്ള മറുപടിയാണ് അധ്യാപിക നൽകിയതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

തുടർന്ന് ക്ലാസ് മുറിയിലെത്തിയ അധ്യാപിക നിലത്ത് കിടന്നിരുന്ന കുട്ടിയെ ചവിട്ടിയെന്നും കുട്ടികൾ ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതോടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരോട് വിശദീകരണം തേടി. എന്നാൽ ആദ്യം അധ്യാപിക ആരോപണങ്ങൾ നിഷേധിച്ചതായാണ് രക്ഷിതാക്കളുടെ പറയുന്നത്.

ഇതിന് പിന്നാലെയാണ് ഇന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, വിദ്യാർത്ഥിനിയെ അധ്യാപിക ചവിട്ടുകയോ അധിക്ഷേപകരമായ പരാമർശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

എന്നാൽ കുട്ടിക്ക് കൃത്യമായ രീതിയിൽ പരിഗണന നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അധ്യാപിക സമ്മതിച്ചതായും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.

സംഭവത്തിൽ അധ്യാപികയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതേസമയം, വിദ്യാർത്ഥിനിയോട് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

ഒരു കുട്ടി ശാരീരിക അസ്വസ്ഥതയെ തുടർന്ന് ക്ലാസ് മുറിയിൽ വീണ സംഭവത്തിൽ അധ്യാപികയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതും, കുട്ടികളുടെയും രക്ഷിതാക്കളുടെയും ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്നതും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ തുടർനടപടികളും ഏറെ നിർണായകമാകും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു