ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരൻ കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ പുറത്തുവന്നു. കവർച്ചയ്ക്കിടെ മോഷ്ടിച്ച പെർഫ്യൂം ബോട്ടിലും മേക്കപ് കിറ്റും പൊലീസ് വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ഇവ കണ്ടെടുത്താൽ കേസിൽ നിർണായക തെളിവാകുമെന്നു അന്വേഷണസംഘം വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം 15നാണ് കരുവാറ്റയിലെ വയോധികൻ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ 13 വയസ്സുകാരിയായ കൊച്ചുമകളാണ് സുഹൃത്തിന് ക്വട്ടേഷൻ നൽകിയത്.
കൊച്ചുമകളുടെ കൂട്ടുകാരനും മറ്റ് രണ്ടുപേരും ചേർന്നാണ് കൊലപാതകവും കവർച്ചയും നടത്തിയത്.
വീട്ടിലെ അലമാരയിൽ നിന്ന് 4.5 പവൻ സ്വർണവും 4800 രൂപയുമാണ് ലഭിച്ചത്. പ്രതീക്ഷിച്ചത്ര പണം കിട്ടാത്തതിനാലാണ് പെർഫ്യൂം ബോട്ടിലും മറ്റും എടുത്തതെന്ന് പ്രതികൾ പറഞ്ഞു.
വയോധികന്റെ കൊച്ചുമകളുടെ കൂട്ടുകാരനാണ് മോഷണത്തുക പ്രധാനമായും വീതം വച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് 800 രൂപ വീതം നൽകി ബാക്കി തുക ഇയാൾ എടുത്തു.
സംഭവത്തിന് രണ്ടുദിവസം മുൻപ് വിദേശത്തുള്ള മകൾ 65,000 രൂപ വയോധികന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. പിറ്റേന്നു തന്നെ ഇദ്ദേഹം തുക ബാങ്കിൽ നിന്നു പിൻവലിച്ചു വീട്ടിൽ കൊണ്ടുവന്നു.
പുതിയ വീടിന്റെ പണി നടന്നിരുന്നതിനാൽ കരാറുകാരന് അന്നു വൈകിട്ടുതന്നെ ഈ പണം നൽകി. ഈ പണം കൂടി ലക്ഷ്യമിട്ടാണോ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പരിശോധിക്കുന്നു.
കുറ്റാരോപിതരായ ആൺകുട്ടികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. നഷ്ടമായ സാധനങ്ങൾ കണ്ടെടുക്കാനായി ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡ് നിലവിൽ അപേക്ഷ നിരസിച്ചതിനാൽ നാളെ വീണ്ടും അപേക്ഷ സമർപ്പിക്കും.


