തിരുവനന്തപുരം: കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വൻ വിജയമാക്കാൻ പുതിയൊരു നിർദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ഈ പദ്ധതി വഴിയുള്ള സൗജന്യ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ മുന്നോട്ടുവന്നാൽ, യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന നിർധനരായ യാത്രികർക്ക് മാത്രം ഈ ആനുകൂല്യം കൃത്യമായി ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവം സമൂഹത്തിൽ ഉണ്ടാകുമ്പോഴാണ് ജനക്ഷേമകരമായ പദ്ധികൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ലക്ഷ്യം കാണുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.
ഒരു പദ്ധതി എല്ലാവരിലേക്കും ഒരേപോലെ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ, ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്.
മോദിയുടെ ‘ഗിവ് അപ്പ്’ മാതൃക കേരളത്തിലും വേണം
കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കി വൻ വിജയമായി മാറിയ എൽ.പി.ജി സബ്‌സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് രാജ്യത്തെ ലക്ഷക്കണക്കിന് സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങൾ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. ഇതിലൂടെ ലഭിച്ച ലാഭം കോടിക്കണക്കിന് നിർധന കുടുംബങ്ങൾക്ക് പുതിയ കണക്ഷനുകൾ നൽകാനാണ് വിനിയോഗിച്ചത്.
അതേ മാതൃക കേരളത്തിലെ സ്ത്രീകൾ ഈ യാത്രാപദ്ധതിയിലും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “എനിക്ക് കൃത്യമായ വരുമാനവും സമ്പാദ്യവുമുണ്ട്, അതുകൊണ്ട് മറ്റൊരു നിർധനയായ സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല”.
എന്ന ശക്തമായ തീരുമാനം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രികർ കൈക്കൊള്ളണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരമൊരു വലിയ സാമൂഹിക മാറ്റം സർക്കാരിനും ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രത അത്യന്താപേക്ഷിതം
പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ടത് ഈ സംവിധാനത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇതിനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
എന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ബസുകളിലേക്ക് ഈ സൗജന്യ യാത്രാ സൗകര്യം വ്യാപിപ്പിക്കണമെങ്കിൽ കോർപ്പറേഷന് നല്ലൊരു സാമ്പത്തിക അടിത്തറ ആവശ്യമാണ്.
സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവർ ടിക്കറ്റ് നിരക്ക് നൽകുമ്പോൾ അത് സ്ഥാപനത്തിന് വരുമാനമാകും.
പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി.പി.ജോണിനെപ്പോലുള്ളവരും സംസ്ഥാന മുഖ്യമന്ത്രിയും ചേർന്ന് ഈ പദ്ധതിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കൃത്യമായ പ്ലാൻ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിൽ ‘പോസിറ്റീവ് പൊളിറ്റിക്സ്’ വളർന്നുവരണം
സംസ്ഥാനത്തിന്റെ പൊതുവായ നന്മയ്ക്കും വികസനത്തിനുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പൂർണ്ണമായും മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഭരണപക്ഷത്തിന്റെ ശരിയായ തീരുമാനങ്ങളെയും ജനക്ഷേമ പദ്ധതികളെയും ഉൾക്കൊള്ളാൻ പ്രതിപക്ഷം തയ്യാറാകണം.
അതോടൊപ്പം അതിലെ പോരായ്മകൾ കൃത്യമായി ചൂണ്ടിക്കാട്ടി തിരുത്തൽ ശക്തികളായി മാറാനും പ്രതിപക്ഷത്തിന് സാധിക്കണം.
കേവലം ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും അതീതമായി ജനങ്ങളിലേക്ക് യഥാർത്ഥ സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം.
കേരളത്തിൽ പതുക്കെ ഇത്തരം ഒരു ‘പോസിറ്റീവ് പൊളിറ്റിക്സ്’ അഥവാ സർഗാത്മക രാഷ്ട്രീയം വളർന്നുവരുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇത്തരം ചർച്ചകൾ സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


