Top News
devika case

വീടിന്റെ വിളക്കണഞ്ഞു: ദേവികയ്ക്ക് നീതി തേടി കുടുംബം

നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ 21-കാരിയായ ദേവിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ രൂക്ഷവിമർശനവുമായി കുടുംബം.

വീടിന്റെ വിളക്കായിരുന്ന ദേവികയുടെ അകാലവിയോഗം താങ്ങാനാവാത്ത വേദനയാണെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തേണ്ടതായിരുന്നുവെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

“വാപ്പച്ചി നോക്കിക്കോളും എന്ന് പറയുന്ന അവന്റെ ധിക്കാരം എല്ലാവരും കണ്ടതാണ്” എന്നായിരുന്നു ബന്ധുവിന്റെ പ്രതികരണം.

പ്രതിയുടെ പെരുമാറ്റവും വാഹനം ഓടിച്ച രീതിയും കണക്കിലെടുക്കുമ്പോൾ മനഃപൂർവം അപകടമുണ്ടാക്കിയതാണോയെന്ന സംശയമുണ്ടെന്നും ബന്ധു കൂട്ടിച്ചേർത്തു.

കേസിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്നും, എന്നാൽ കൊലക്കുറ്റം ചുമത്തേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ നിലപാട്.

പഠനത്തിലും കലാപരമായ കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന ദേവികയ്ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും 21-ാം വയസ്സിൽ ജീവൻ നഷ്ടമായത് കുടുംബത്തിന് തീരാനഷ്ടമാണെന്നും ബന്ധു പറഞ്ഞു.

സാധാരണക്കാരായ തങ്ങൾക്ക് കേസുമായി മുന്നോട്ടുപോകാൻ സർക്കാർ സഹായം ആവശ്യമാണെന്നും പൊലീസിലും സർക്കാരിലും വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ 12.30-ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചത്.

സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചു.

തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികൾ സഹപ്രവർത്തകർക്കൊപ്പം ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് മുമ്പ് പ്രതി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നതായും വിവരം ഉണ്ട്.

19 വയസ്സുകാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിന് കൊച്ചി മേഖലയിലെ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു.

കൊച്ചി കോർട്ട്‌യാർഡ് ബൈ മാരിയറ്റ് ഹോട്ടലിലെ ബാർ, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ് എന്നിവയ്‌ക്കെതിരെയാണ് നടപടി. ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി എത്തിയതും മദ്യപിച്ചതും വ്യക്തമായതായി എക്സൈസ് അറിയിച്ചു.

സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

കേരളത്തിലെ അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. സംഭവത്തിൽ പ്രതിക്കെതിരായ നിയമനടപടികൾക്കൊപ്പം മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരായ നടപടികളും നിർണായകമാകും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു