മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കെ ദില്ലിയിൽ സുരക്ഷ ശക്തമാക്കി.
ജന്തർ മന്തറിലേക്ക് എസ്‌എഫ്‌ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ മാർച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷാ വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കോക്രോച്ച് ജനത പാർട്ടിയും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിലെ ശിവാജി പാർക്കിലാണ് അവരുടെ ഇന്നത്തെ പ്രധാന പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ജന്തർ മന്തറിലെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ന്യൂഡൽഹി മേഖലയിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യ സഖ്യവും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ തല പ്രതിഷേധങ്ങളും റാലികളും ഉൾപ്പെടെയുള്ള പരിപാടികൾക്ക് തുടക്കമാകുകയാണ്.
ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ പ്രധാനമായും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികളെ ചുറ്റിപ്പറ്റിയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ച് പ്രതിപക്ഷവും വിവിധ സംഘടനകളും ഉന്നയിക്കുന്ന ആരോപണങ്ങൾ കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്.
ഇതോടെ ഗാന്ധിജയന്തി ദിനത്തിൽ ദില്ലിയിലും മുംബൈയിലും ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധ പരിപാടികളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ.


