2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ഒളിംപിക്സ് നടത്തുമെന്നും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തിലിരുന്നതിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു മോദി.
25 വർഷം ഭരണരംഗത്ത് തുടരാൻ കഴിയുമെന്ന് താൻ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഇതിനായി രാജ്യത്തെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ വികസനത്തിനാണ് മുൻഗണന നൽകിയതെന്നും മോദി പറഞ്ഞു.
സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചതാണ് തന്റെ രാഷ്ട്രീയ റിപ്പോർട്ട് കാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിലേക്ക് നേരത്തെ തന്നെ എത്താൻ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ പ്രലോഭിപ്പിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലഭിച്ച ഓരോ ഉത്തരവാദിത്തവും പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സ്വാർത്ഥതയില്ലാത്ത പ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തിയാണ് തന്റെ മതമെന്നും മോദി പറഞ്ഞു.
ഇന്ത്യയെ ആഗോള ഉൽപ്പാദന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീർഘവീക്ഷണമുള്ള നയങ്ങളും കഠിനാധ്വാനവും ഉപയോഗിച്ച് രാജ്യത്തിന് മുന്നിലുള്ള വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുമെന്ന് മോദി പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്. ഭാവിയിൽ ഇന്ത്യൻ നിർമിത വിമാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ഛറിനെയും പ്രധാനമന്ത്രി പരാമർശിച്ചു. ഇപ്പോൾ ലോകം സംസാരിക്കുന്നത് ഒരു ഇന്ത്യൻ പൈലറ്റിനെക്കുറിച്ചാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കഴിവുകൾ ലോകതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇത് ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ടെങ്കിലും അവ പരിഹരിക്കാൻ 140 കോടി ഇന്ത്യക്കാരുടെ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തെ വോട്ടിന്റെ പേരിൽ വിഭജിക്കുന്നതാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഒരു പ്രദേശത്ത് വൈദ്യുതി ഇല്ലാത്ത സാഹചര്യമുണ്ടായാൽ അതിന്റെ ബുദ്ധിമുട്ട് ഒരു വിഭാഗത്തിന് മാത്രമല്ല എല്ലാവർക്കുമുണ്ടാകുമെന്ന് മോദി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2001ലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 25 വർഷത്തെ ഭരണാനുഭവം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.


