തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ ബസ്സിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ച് കോടതി.
അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം തടവിന് പുറമെ പതിനയ്യായിരം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയായ പെൺകുട്ടിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കേണ്ടി വരും.
2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ ക്രൂരമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സ്വകാര്യ ബസ്സിൽ വെച്ചായിരുന്നു അതിക്രമം.
പ്രതി ഈ ബസ്സിലെ കണ്ടക്ടറായിരുന്നു. യാത്രക്കാരുടെ തിരക്കിനിടയിൽ പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ സമർത്ഥിച്ചു.
സംഭവത്തിൽ ഭയന്നുപോയ പെൺകുട്ടി ഈ വിവരം ആദ്യഘട്ടത്തിൽ പുറത്തുപറഞ്ഞിരുന്നില്ല. മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ കുട്ടിക്ക് തുടർന്നും ഇതേ ബസ്സിൽ യാത്ര ചെയ്യേണ്ടിവന്നു.
പ്രതിയെ സ്ഥിരമായി കാണേണ്ടി വന്നത് കുട്ടിയെ കടുത്ത മാനസിക വിഷമത്തിലേക്കും വിഷാദത്തിലേക്കും നയിക്കുകയായിരുന്നു. തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അരുവിക്കര പോലീസ് സബ് ഇൻസ്‌പെക്ടർ സുനികുമാർ എൻ, മ്യൂസിയം സബ് ഇൻസ്‌പെക്ടർ ഷിജു വി.എൽ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ കോടതിയിൽ ഹാജരായി.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 25 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


