Top News
no more mutton in jail

ജയിലിലെ മെനുവിൽ മാറ്റം; മട്ടൻ ഒഴിവാക്കാൻ ശുപാർശ, പകരം ചിക്കനും മുട്ടയും

ജയിൽ ഭക്ഷണ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും ഉൾപ്പെടുത്താൻ ജയിൽ വകുപ്പ് ശുപാർശ. മട്ടൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുമെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം.

ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യവും പരിഗണിച്ചാണ് മെനു പരിഷ്കരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

ജയിൽ മേധാവി എസ്. ശ്രീജിത്ത് നൽകിയ ശുപാർശ നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. മട്ടനും മീനും വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകളും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മട്ടന് പകരം ചിക്കൻ, മുട്ട, സോയാ ചങ്ക്സ് എന്നിവ കൂടുതൽ ഉൾപ്പെടുത്താനാണ് നിർദേശം.

കണക്കുകൾ പ്രകാരം ഒരു വർഷം മട്ടൻ വാങ്ങുന്നതിനായി 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. അതേസമയം ചിക്കന് 1.26 കോടി രൂപയും സോയാ ചങ്ക്സിനും മുട്ടയ്ക്കുമായി ആകെ 3.4 കോടി രൂപയുമാണ് ചെലവ് വരുന്നത്.

മട്ടൻ ഒഴിവാക്കുന്നതിലൂടെ ഭക്ഷണച്ചെലവിൽ ഗണ്യമായ കുറവുണ്ടാക്കാനാകുമെന്നാണ് ജയിൽ വകുപ്പിന്റെ വിലയിരുത്തൽ.

നിലവിലെ മെനു പ്രകാരം തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നൽകുന്നത്.

മാംസാഹാരം കഴിക്കാത്ത തടവുകാർക്ക് അതത് ദിവസങ്ങളിൽ പച്ചക്കറി കറികളും നൽകുന്നുണ്ട്.

ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണവും നിലവിൽ നൽകിവരുന്നു.

മട്ടൻ ഒഴിവാക്കാനുള്ള ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ആരോഗ്യപരമായ കാരണങ്ങൾക്കൊപ്പം സർക്കാർ ഖജനാവിലെ ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന പ്രധാന മെനു പരിഷ്കരണമായിരിക്കും ഇത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു