കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്‌ഹോക് കമ്മിറ്റി പ്രവർത്തനങ്ങൾ തടഞ്ഞ ഉത്തരവിനെതിരെ നിയമനടപടി ശക്തമാകുന്നു. കേസിൽ കക്ഷി ചേരാൻ നടി അൻസിബ ഹസൻ എറണാകുളം മുൻസിഫ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
നേരത്തെ ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ, അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് അൻസിബയുടെ പ്രധാന ആവശ്യം.
തന്റെ ഭാഗം കൂടി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അവർ അപേക്ഷയിൽ ആവശ്യപ്പെട്ടു.
അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടഞ്ഞെങ്കിലും, ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് തുടർന്നും പ്രവർത്തിക്കാൻ കോടതി അനുമതി നൽകിയിരുന്നു.
ഇതിന്റെ പിൻബലത്തിൽ, നേരത്തെ രാജിവെച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയതായാണ് സൂചന.
ഭരണസമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗികമായി രാജിക്കത്ത് നൽകിയ നാല് അംഗങ്ങൾ ഒഴികെയുള്ളവരെ ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് നീക്കം.
നിലവിലെ നിയമപ്രതിസന്ധി മറികടക്കാൻ ജനറൽ ബോഡി യോഗം വിളിച്ച് കണക്കുകൾ അവതരിപ്പിക്കാനും, തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേതാ മേനോൻ പക്ഷത്തിന്റെ തന്ത്രം.
രാജിക്കാര്യം മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല. ഇത് ഭരണസമിതിക്ക് നിയമപരമായ മുൻതൂക്കം നൽകുന്നതായാണ് വിലയിരുത്തൽ.
എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവും, അൻസിബ ഹസന്റെ പുതിയ അപേക്ഷയും താരസംഘടനയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും ഭരണപരമായ നീക്കങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
തുടർന്നുള്ള നിയമ നടപടികൾ സംഘടനയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും.


