തൃക്കാക്കര ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ നിന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്.
പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഗുരുതരമായ വിവരങ്ങൾ കണ്ടെത്തിയത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പലതവണ ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ ഫോണിൽ നിന്ന് ലഭിച്ചു…
നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽപ്പന നടത്തിയതിന്റെയും തെളിവുകൾ വിദ്യാർത്ഥികൾ കണ്ടെത്തി.
ചിത്രങ്ങൾ പകർത്തി ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകുകയും തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ അതേ ചാറ്റിലൂടെ തിരികെ ലഭിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ വരെ പ്രവർത്തിച്ചിരുന്നതായും ഫോൺ പരിശോധനയിൽ കണ്ടെത്തി.
ക്ലാസ് മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് ചിത്രങ്ങൾ മോർഫ് ചെയ്തിരുന്നത്. ഇതിന് പുറമെ ഹോസ്റ്റലിൽനിന്നും ചിത്രങ്ങൾ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂമിന്റെ ദൃശ്യങ്ങളും കണ്ടെത്തി. തങ്ങൾക്ക് ഒപ്പമുള്ള വിദ്യാർത്ഥികളുടേതടക്കമുള്ള ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.
സംഭവം കോളേജ് ക്യാമ്പസിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.ശ്രീഹരിയെ കെഎസ്‌യു മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഒരു മാസം മുമ്പായിരുന്നു. ആരുടെയും ചരിത്രം പരിശോധിച്ച ശേഷമല്ല മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതെന്നും വീഡിയോ എടുക്കാൻ കഴിവുള്ളവരെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നതെന്നും കെഎസ്‌യു പ്രവർത്തകരായ വിദ്യാർത്ഥികൾ വ്യക്തമാക്കി.
സംഭവം അറിഞ്ഞ ഉടൻതന്നെ ശ്രീഹരിയെ മീഡിയ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയതായും അവർ പറഞ്ഞു……
ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികൾക്ക് പത്ത് മിനിറ്റ് പോലും അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നും അത്രയും അശ്ലീലമായ രീതിയിലാണ് ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ചിരുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
തങ്ങളുടെ സഹപാഠികളുടെ ചിത്രങ്ങൾ പോലും ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ചിരുന്നതായാണ് വിദ്യാർത്ഥികൾ പറയുന്നത്.
ശ്രീഹരിക്ക് പുറമേ ആരൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
കോളേജിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സംശയം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചിത്രങ്ങൾ എവിടെയെല്ലാം പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഉള്ള വിവരങ്ങൾ അന്വേഷണത്തിലാണ്…
ഉടൻ തന്നെ ശ്രീഹരിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയാണ് ശ്രീഹരി.


