നൂതന നിർമിതബുദ്ധി മോഡലുകൾ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിക്കുന്നതിൽ മത്സരത്തിലാണ് പ്രമുഖ ടെക് കമ്പനികൾ. അമേരിക്കൻ കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ എന്നിവയോടൊപ്പം ചൈനീസ് കമ്പനികളും മത്സരരംഗത്തുണ്ട്.
ഡീപ്‌സീക്, ആലിബാബ, Z.ai തുടങ്ങിയ ചൈനീസ് കമ്പനികൾ കുറഞ്ഞ ചെലവിൽ ശക്തമായ മോഡലുകൾ അവതരിപ്പിക്കുന്നു.
യുഎസ് എഐ മോഡലുകളുടെ ഉയർന്ന ഉപയോഗച്ചെലവ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്റർനെറ്റിൽ വൻ തരംഗം സൃഷ്ടിച്ച് ഒരു അജ്ഞാത എഐ മോഡൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഓപ്പൺറൂട്ടർ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട Ox Alpha എന്ന മോഡലാണ് ശ്രദ്ധ നേടുന്നത്.
സൗജന്യമായി ലഭിക്കുന്ന ഒരു സ്റ്റെൽത്ത് മോഡൽ ആയിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പുറത്തിറക്കുന്ന മെഷീൻ ലേണിങ് മോഡലുകളെ സ്റ്റെൽത്ത് മോഡലുകൾ എന്ന് വിളിക്കുന്നു.
ഈ മോഡലിന് പിന്നിൽ ആരാണെന്ന് വാർത്ത പുറത്തുവരുമ്പോഴും വ്യക്തമല്ല. കോഡിങ്, എഐ ഏജന്റ് ടാസ്‌ക്കുകൾ എന്നിവയ്ക്കായി നിർമ്മിച്ച റീസണിങ് മോഡലാണിത്.
10 ലക്ഷം ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ ശേഷിയുമായാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. ഒരൊറ്റ സെഷനിൽ വലിയ അളവിലുള്ള ടെക്‌സ്റ്റും കോഡും കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും.
ഇതിന്റെ ഡെവലപ്പർ അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഓപ്പൺറൂട്ടർ വ്യക്തമാക്കി.
സാധാരണ എഐ മോഡലുകളിൽ നിന്ന് വ്യത്യസ്തമായ പ്രകടനമാണ് ഇത കാഴ്ചവെക്കുന്നത്. പ്രൊഡക്ഷൻ വർക്ക്‌ലോഡുകളിൽ ഇത് മികച്ച ശേഷി പ്രകടിപ്പിക്കുന്നതായി ഡെവലപ്പർമാർ പറയുന്നു. സൗജന്യമായി ലഭ്യമായതും അജ്ഞാതത്വവും ഇതിനെക്കുറിച്ച് വൻ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
പല സിദ്ധാന്തങ്ങളും ചൈനീസ് കമ്പനിയായ Z.ai-ലേക്ക് വിരൽ ചൂണ്ടുന്നു. മൈക്രോസോഫ്റ്റിന്റെ പുറത്തിറങ്ങാത്ത മോഡലാണിതെന്ന വാദവും ശക്തമാണ്. സ്റ്റെൽത്ത് പ്രിവ്യൂ സമയത്ത് ഇൻപുട്ട്, ഔട്ട്പുട്ട് നിരക്കുകൾ പൂജ്യം ഡോളറാണ്.


