ഡൽഹി സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി.
മുപ്പതിലധികം വിദ്യാർത്ഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
സംസ്ഥാന-കേന്ദ്ര ദുരന്തനിവാരണ സേനകൾ, ഡൽഹി ഫയർ സർവീസ്, പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം, മരണസംഖ്യ സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തുന്നില്ലെന്ന ആരോപണവുമായി സിജെപി രംഗത്തെത്തിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് കെട്ടിടത്തിൽ രണ്ട് നിലകൾ അധികമായി നിർമിച്ചതായും വിവരമുണ്ട്.
ഒരു കിടക്കയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് പ്രതിമാസം 14,000 മുതൽ 18,000 രൂപ വരെ ഈടാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത കെട്ടിടങ്ങൾക്കെതിരായ നടപടി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ശക്തമാക്കി.
പ്രദേശത്തെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അധികൃതർ.
തകർന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടം പൊളിച്ചുനീക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം കെട്ടിടം പൊളിക്കണമെന്നാണ് നിർദേശം.
നാല് നിലയിൽ കൂടുതലുള്ള മുഴുവൻ അനധികൃത കെട്ടിടങ്ങളും സീൽ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സത്യനികേതനിൽ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
‘ഹോസ്റ്റൽ ഡേസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്.
കെട്ടിടത്തിൽ ആകെ 15 മുറികളുണ്ടായിരുന്നു. ഒരു മുറിയിൽ രണ്ട് മുതൽ മൂന്ന് വിദ്യാർത്ഥികൾ വരെയാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചിരുന്നു.
കേരളം, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്.
വാരാന്ത്യമായതിനാൽ നിരവധി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയിരുന്നു. പ്രവൃത്തിദിവസമായിരുന്നെങ്കിൽ അപകടത്തിൽപ്പെടുന്നവരുടെ എണ്ണം ഇതിലും കൂടുതലാകുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മോത്തിലാൽ നെഹ്റു കോളേജ്, ആത്മാ റാം സനാതൻ ധർമ്മ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഹോസ്റ്റലിലെ താമസക്കാരിൽ ഏറെയും.
രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, കെട്ടിടത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, അനധികൃതമായി നിർമാണം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.


