കോഴിക്കോട് നഗരത്തിലെ ജിംനേഷ്യം കേന്ദ്രീകരിച്ച് വൻ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചു. പന്നിയങ്കരയിലെ ‘ബാക്ക് ടു ഫിറ്റ്’ ജിമ്മിൽ പോലീസും ഡാൻസാഫും ചേർന്ന് റെയ്ഡ് നടത്തി.
ജിം നടത്തിപ്പുകാരനായ കെ.വി. ജംഷിദ് (40), ബേപ്പൂർ സ്വദേശികളായ എം.കെ. ലിജാസ് (36), ഇ.വി. അർഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
സ്ഥാപനത്തിൽനിന്ന് 228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവുമാണ് പോലീസ് കണ്ടെത്തിയത്. വൻതോതിൽ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാൻ തയ്യാറാക്കിയിരുന്നു.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരി സംഘത്തിന്റെ പ്രവർത്തനം.
ജിമ്മിൽ നടത്തിയ വിശദമായ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകൾ കണ്ടെടുത്തു. ഗ്യാസ് ലൈറ്റർ, പേപ്പർ കുഴലുകൾ, തൂക്കാനുള്ള മെഷീൻ എന്നിവയും പോലീസ് പിടിച്ചെടുത്തു.
ഇവർ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഒഡിഷയിൽനിന്ന് ഇടനിലക്കാർ വഴിയാണ് കഞ്ചാവ് സംഘടിപ്പിച്ചിരുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ജിമ്മിലെത്തുന്ന സ്ത്രീകളും യുവാക്കളുമടക്കം ഇരുനൂറിലധികം പേർ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിച്ചപ്പോൾ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസുകാർ ബലപ്രയോഗത്തിലൂടെ മൂവരെയും കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികളുടെ കൈവശമുണ്ടായിരുന്ന 41,830 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജംഷീദിന്റെയും അർഷാദിന്റെയും പേരിൽ മുൻപും സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.
പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചുവരികയാണ്. ലഹരി മാഫിയയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണം.
സിറ്റി നർക്കോട്ടിക് സെൽ എ.സി. എം.എം. അബ്ദുൾ കരീം, ഇൻസ്‌പെക്ടർ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ലഹരി ഉപയോഗത്തെക്കുറിച്ചും വിൽപ്പനയെക്കുറിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


