Top News
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളെക്‌സ് ഫ്യൂവൽ കാർ അവതരിപ്പിക്കുന്നു.

ഇന്ത്യയിൽ ഇനി വാഹനങ്ങൾ E100 ഇന്ധനത്തിൽ പറപറക്കും; വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലും ഊർജ്ജ മേഖലയിലും വലിയൊരു മാറ്റത്തിന് നാന്ദി കുറിച്ച് കേന്ദ്ര സർക്കാർ. ഫ്‌ളെക്‌സ് ഫ്യൂവൽ (Flex Fuel) വാഹനങ്ങൾക്കായി പൂർണമായും എഥനോൾ (100 Percent Ethanol) അടങ്ങിയ ഇന്ധനം ഉപയോഗിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി അനുമതി നൽകി.

ഇ-100 (E100) ഇന്ധനം ഉപയോഗിക്കുന്നതിനുള്ള പുതിയ ചട്ടങ്ങളിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ജൂൺ 12-ന് ഒപ്പുവെച്ചു. ഇതോടെ, എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണവും വിൽപ്പനയും തുടങ്ങാൻ വാഹന കമ്പനികൾക്ക് വഴിയൊരുങ്ങി.

അടുത്തിടെ രാജ്യത്ത് 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂർണ്ണമായും ഹരിത ഇന്ധനത്തിലേക്ക് മാറാനുള്ള സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പ്.

ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ ഭൂരിഭാഗം വാഹനങ്ങളും ഫ്‌ളെക്‌സ് ഫ്യൂവൽ എൻജിനുകളിൽ പ്രവർത്തിക്കുന്നവയാണ്. ഈ മാതൃകയാണ് ഇന്ത്യയും ഇപ്പോൾ പിന്തുടരുന്നത്.

എന്താണ് ഫ്‌ളെക്‌സ് ഫ്യൂവൽ സാങ്കേതികവിദ്യ?

ഒന്നിലധികം ഇന്ധനങ്ങളിൽ, പ്രത്യേകിച്ച് പെട്രോളും എഥനോളും കലർത്തിയ മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത എഞ്ചിനുകളെയാണ് ഫ്‌ളെക്‌സ് ഫ്യൂവൽ സാങ്കേതികവിദ്യ എന്ന് വിളിക്കുന്നത്.

പുതിയ ഇ-100 ചട്ടങ്ങൾ നിലവിൽ വരുന്നതോടെ, പെട്രോളിന്റെ ഒരു തുള്ളി പോലും ഇല്ലാതെ പൂർണ്ണമായും എഥനോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കാൻ സാധിക്കും. പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കും.

സാമ്പത്തിക ലാഭവും കാർഷിക മേഖലയിലെ ഉണർവും

എഥനോൾ ഉപയോഗം വ്യാപകമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ അസംസ്‌കൃത എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചതിലൂടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ ലാഭം നേടാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് .

ഇത് മാത്രമല്ല, കർഷകർക്ക് ഏകദേശം 80,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചതായി മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി .

പൂർണ്ണമായും ഇ-100 ഇന്ധനത്തിലേക്ക് രാജ്യം മാറിയാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത് .

കരിമ്പ്, ചോളം, നെല്ല്, മരച്ചീനി തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് പ്രധാനമായും എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ എഥനോൾ വ്യാപകമാക്കുന്നത് കരിമ്പുകർഷകർ ഉൾപ്പെടെയുള്ളവർക്ക് വലിയ സാമ്പത്തിക നേട്ടമാകും.

ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ? അരി നൽകുന്നതിലെ ആശങ്കകൾ

എഥനോൾ ഉത്പാദനം കർഷകർക്ക് ഗുണകരമാണെങ്കിലും, ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും സജീവമാണ്. എഥനോൾ ഉത്പാദനത്തിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) വൻതോതിൽ അരി വിട്ടുനൽകുന്നുണ്ട്.

ഒരു കിലോഗ്രാം അരി 23.20 രൂപയ്ക്കാണ് എഫ്.സി.ഐ എഥനോൾ നിർമ്മാണത്തിനായി നൽകുന്നത്.

എ.പി.എൽ. കാർഡുടമകൾക്ക് കേന്ദ്രം അരി കിലോഗ്രാമിന് 8.30 രൂപയ്ക്കാണ് നൽകുന്നത്. എന്നാൽ, ഉത്സവകാലങ്ങളിൽ അനുവദിക്കുന്ന അധിക അരിക്ക് കിലോഗ്രാമിന് 23.20 രൂപ ഈടാക്കുന്ന സർക്കാരാണ് ഇതേ വിലയ്ക്ക് വാണിജ്യാവശ്യങ്ങൾക്ക് അരി നൽകുന്നത് എന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ ഇന്ധന നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഭാവിയിൽ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.

വാഹന നിർമ്മാതാക്കളുടെ തയ്യാറെടുപ്പുകൾ

പുതിയ ഇന്ധന നയത്തോട് ഇന്ത്യൻ വാഹന വിപണി വളരെ വേഗത്തിലാണ് പ്രതികരിക്കുന്നത്. ഇ-85 (E85) ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമായ ഇന്ത്യയിലെ ആദ്യ കാർ പുറത്തിറക്കിയത് മാരുതി സുസുക്കിയാണ്.

അവരുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്റെ (WagonR) പരിഷ്‌കരിച്ച പതിപ്പാണ് ഇതിനായി ഉപയോഗിച്ചത്.

ഇരുചക്ര വാഹന വിപണിയിൽ ഹീറോ മോട്ടോകോർപ്പ് (Hero MotoCorp) മുൻപന്തിയിലുണ്ട്. അവരുടെ രണ്ട് ബൈക്കുകൾ നിലവിൽ 100 ശതമാനം എഥനോളിൽ ഓടാൻ സജ്ജമാണ്. ഇതേ മാതൃകയിൽ സ്കൂട്ടറുകളും ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടാതെ, അടുത്ത രണ്ടുമാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ്, എം.ജി മോട്ടോർസ് എന്നീ വമ്പൻ കമ്പനികളും ഇ-100 ഇന്ധന വാഹനങ്ങൾ നിരത്തിലിറക്കും.

വകഭേദങ്ങളുടെ സംഭരണത്തിനും ബ്ലെന്റിങ്ങിനും വിതരണത്തിനും പൊതുമേഖലാ എണ്ണക്കമ്പനികളും നടപടികൾ തുടങ്ങിക്കഴിഞ്ഞു.

വാഹന ഉടമകൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ

ഹരിത ഇന്ധനം എന്ന നിലയിൽ എഥനോൾ മികച്ചതാണെങ്കിലും, പ്രായോഗിക തലത്തിൽ നിരവധി വെല്ലുവിളികൾ ഇത് ഉയർത്തുന്നുണ്ട്. പ്രത്യേക പമ്പുകൾ സ്ഥാപിക്കുകയോ നിലവിലെ പമ്പുകളിൽ പ്രത്യേക ഡിസ്‌പെൻസറികൾ ഒരുക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

പെട്രോൾ എൻജിനും എഥനോൾ എൻജിനും അടിസ്ഥാന ഘടനയിൽ വലിയ വ്യത്യാസമില്ല. എങ്കിലും നിലവിലെ വാഹനങ്ങളിൽ ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കാൻ കഴിയില്ല.

അതിനായി എൻജിനുകളിലെ ഫ്യൂവൽ സിസ്റ്റം (Fuel System), എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) എന്നിവയിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

മൈലേജ് കുറയുമോ?

ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മൈലേജ് കുറയും എന്നതാണ്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജസാന്ദ്രത (Energy Density) കുറവാണ്.

അതായത്, ഒരു ലിറ്റർ പെട്രോളിൽ നിന്ന് ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു ലിറ്റർ എഥനോളിൽ നിന്ന് ലഭിക്കില്ല. ഇത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെയും മൈലേജിനെയും പ്രതികൂലമായി ബാധിക്കും.

എഞ്ചിൻ തകരാറുകൾക്കുള്ള സാധ്യതകൾ

എഥനോളിന് ജലാംശം വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലാണ് (Hygroscopic nature). അതിനാൽ ദീർഘകാലം ഇന്ധനം ടാങ്കിൽ കിടന്നാൽ ഫ്യൂവൽ പമ്പിനും ഇൻജെക്ടറുകൾക്കും തുരുമ്പെടുക്കാനോ മറ്റ് കേടുപാടുകൾ സംഭവിക്കാനോ സാധ്യതയുണ്ട്. കൃത്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താത്ത വാഹനങ്ങളിൽ എഞ്ചിൻ പെർഫോമൻസ് ഗണ്യമായി കുറയാനും ഇത് കാരണമാകും.

വരും മാസങ്ങളിൽ ഇ-100 വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ, ഈ വെല്ലുവിളികളെ വാഹന നിർമ്മാതാക്കൾ എങ്ങനെ മറികടക്കും എന്നത് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഉറ്റുനോക്കുന്ന കാര്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *