ആന്ധ്രാപ്രദേശ് സ്വർണ ഉൽപാദനത്തിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷയായി മാറുന്നു. കർണൂൽ ജില്ലയിലെ ജൊന്നഗിരിയിൽ വലിയ സ്വർണശേഖരമുണ്ടെന്ന് കണ്ടെത്തിയത് സംസ്ഥാനത്തിന്റെ ഖനന മേഖലയ്ക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
ഏകദേശം 50,000 കിലോ (50 ടൺ) സ്വർണം ഈ പ്രദേശത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യത്തെ സ്വകാര്യ സ്വർണഖനി പദ്ധതിയാണിത്. 1500 ഏക്കർ സ്ഥലത്താണ് ഖനനം ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലവിൽ 500 ഏക്കറിലാണ് ഖനനം നടക്കുന്നത്, ഇവിടെ 13 ടൺ സ്വർണം ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 1000 ഏക്കറിലും ഉടൻ ഖനനം ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ ആന്ധ്ര രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉൽപാദക സംസ്ഥാനമായി മാറും.
സ്വർണഖനനം വലിയ നിക്ഷേപവും സാങ്കേതിക വിദ്യയും ആവശ്യമുള്ള മേഖലയാണ്. ഇത് മുന്നിൽ കണ്ടാണ് സർക്കാർ സ്വകാര്യ കമ്പനികളെ പദ്ധതിയിൽ പങ്കാളികളാക്കിയത്. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യ പ്രതിവർഷം വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. സ്വർണവിലയിലെ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്.
ആഭ്യന്തരമായി സ്വർണം ഖനനം ചെയ്യുന്നത് ഇത്തരം പ്രതിസന്ധികൾക്ക് വലിയൊരു പരിഹാരമാകും. 1970-80 കാലഘട്ടത്തിൽ സ്വർണ ഉൽപാദനത്തിൽ ഇന്ത്യ മുൻപന്തിയിലായിരുന്നു. എന്നാൽ, പര്യവേഷണങ്ങളുടെ കുറവും നിയമപരമായ തടസ്സങ്ങളും പിന്നീട് തിരിച്ചടിയായി.
ഇപ്പോൾ ജൊന്നഗിരിക്ക് പുറമെ രാമഗിരി, ജവ്വക്കുള, ചിഗുരുകുന്ത എന്നിവിടങ്ങളിലും സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കർണാടകയിലെ ഹട്ടി സ്വർണ ഖനി മാത്രമാണ് വ്യാവസായികമായി സ്വർണം ഉൽപാദിപ്പിക്കുന്നത്.
ജൊന്നഗിരി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഇന്ത്യയുടെ സ്വർണ ഉൽപാദന ചരിത്രത്തിൽ ആന്ധ്ര നിർണായകമായ ഒരധ്യായം എഴുതിച്ചേർക്കും.


