ചെന്നൈയിലെ കൊരുക്കുപ്പേട്ട, ആർ.കെ. നഗർ മേഖലകളിലാണ് വിജയ്‌യുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ശൈലികളിലുള്ള വിഗ്രഹങ്ങൾ സ്ഥാപിച്ചത്.
വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രമായ ‘ഗില്ലി’യിലെ കബഡി താരത്തിന്റെ രൂപവും രാഷ്ട്രീയ പ്രചാരണത്തിലെ വേഷവും ഉൾപ്പെടെയുള്ള ശൈലികളാണ് വിഗ്രഹങ്ങളിൽ അവതരിപ്പിച്ചത്.
വിഗ്രഹങ്ങൾ കാണാനും ചിത്രങ്ങളും സെൽഫികളും എടുക്കാനുമായി നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. സോഷ്യൽ മീഡിയയിലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
സിനിമ, രാഷ്ട്രീയം, മതാഘോഷം എന്നിവ ഒരുമിച്ച് അവതരിപ്പിച്ച രീതിയാണ് ശ്രദ്ധ നേടിയത്.
എന്നാൽ ഇതോടെ രാഷ്ട്രീയ വിവാദവും ശക്തമായി. ജനങ്ങളുടെ മതവികാരങ്ങളെ ഇകഴ്ത്തുന്ന നടപടിയാണിതെന്നും വിശുദ്ധമായ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നയനാർ നാഗേന്ദ്രൻ വിമർശിച്ചു.
ഇത്തരം വിഗ്രഹങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും, സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിജയ് ആരാധകരാണ് ഇത്തരം വിഗ്രഹങ്ങൾ ഒരുക്കിയതെന്നും പ്രാദേശിക ആരാധകർ വർഷങ്ങളായി വ്യത്യസ്ത രൂപങ്ങളിലുള്ള വിഗ്രഹങ്ങൾ ഒരുക്കാറുണ്ടെന്നും ടിവികെ വൃത്തങ്ങൾ വിശദീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിഗ്രഹങ്ങൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
‘ഗില്ലി’യിലെ കബഡി വേഷം മുതൽ വിജയ്‌യുടെ രാഷ്ട്രീയ പ്രചാരണ രൂപവും മുഖ്യമന്ത്രി എന്ന നിലയിലുള്ള പുതിയ ലുക്കും വരെ ഗണേശ വിഗ്രഹങ്ങളിൽ ഉൾപ്പെടുത്തിയതാണ് ഇത്തവണത്തെ പ്രത്യേകത.
ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മതാഘോഷത്തെ വ്യക്തിപൂജയ്ക്കും രാഷ്ട്രീയ പ്രചാരണത്തിനും ഉപയോഗിക്കുകയാണോ എന്ന വിമർശനമാണ് ഇപ്പോൾ വിവാദത്തിന്റെ കേന്ദ്രം.


