Top News
ബെംഗളൂരു ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയ ഡെലിവറി ഏജന്റ് പിടിയിലായി. ഫ്ലിപ്കാർട്ട് ജീവനക്കാരനായ വിജയ് മല്ലികാർജുൻ കാമത്ത് ആണ് അറസ്റ്റിലായത്. മാറത്തഹള്ളി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പാഴ്സൽ നൽകാൻ എത്തിയതായിരുന്നു പ്രതിയായ വിജയ് മല്ലികാർജുൻ കാമത്ത്. വീടിന്റെ വാതിലിൽ എത്തിയ ഇയാൾ ശുചിമുറി ഉപയോഗിക്കാൻ യുവതിയോട് അനുവാദം ചോദിച്ചു.

യുവതി ഇതിന് വിസമ്മതിക്കുകയും അയൽവാസികളോട് സഹായം തേടാൻ നിർദ്ദേശിക്കുകയും ചെയ്തു.

യുവതിയുടെ ആവശ്യം തള്ളിക്കളഞ്ഞ ഇയാൾ ബലമായി ഫ്ലാറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറി. തുടർന്ന് ശുചിമുറിയിൽ കയറിയ ഇയാൾ പുറത്തിറങ്ങിയപ്പോൾ നഗ്നതാ പ്രദർശനം നടത്തി.

യുവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ദുരനുഭവം ലോകത്തെ അറിയിച്ചത്. പ്രതിയുടെ ദൃശ്യങ്ങൾ സഹിതമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

യുവതിയുടെ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 75, 79, 392(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈറ്റ്ഫീൽഡ് ഡിസിപിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സംഭവം ദൗർഭാഗ്യകരമെന്ന് പ്രതികരിച്ച ഫ്ലിപ്കാർട്ട്, പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു