Top News
സെന്റ് പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനൽ ആക്രമണം

സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രൈൻ്റെ വൻ ആക്രമണം: റഷ്യൻ എണ്ണ സംഭരണ കേന്ദ്രം തകർത്തു; ഇന്ധനക്ഷാമം ഉണ്ടാകുമോ?

മോസ്കോ: റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് യുക്രൈൻ സൈന്യം വീണ്ടും ശക്തമായ ഡ്രോൺ ആക്രമണം നടത്തി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള പ്രമുഖ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയാണ് യുക്രൈൻ ഇത്തവണ ആക്രമണം അഴിച്ചുവിട്ടത്.

റഷ്യയുടെ യുദ്ധ ഫണ്ടിങ്ങിന്റെ പ്രധാന സ്രോതസ്സാണ് തങ്ങൾ തകർത്തതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഔദ്യോഗികമായി അവകാശപ്പെട്ടു.

ആക്രമണത്തിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും സെലൻസ്കി പങ്കുവെച്ചിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ സെന്റ് പീറ്റേഴ്സ്ബർഗിലേതാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും ഇതിനോടകം സ്ഥിരീകരിച്ചു.

ഓയിൽ ടെർമിനലിന് പുറമെ റഷ്യയുടെ പ്രധാനപ്പെട്ട നേവൽ ബേസിന് നേരെയും ആക്രമണം നടത്തിയതായി യുക്രൈൻ അവകാശപ്പെടുന്നു. പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ കേന്ദ്രമാണ് ശനിയാഴ്ച തകർത്തത്.

അതേസമയം സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് നഗരത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിൽ വലിയ രീതിയിൽ ഡ്രോൺ ആക്രമണം ഉണ്ടായെന്നും എണ്ണ സംഭരണ കേന്ദ്രം ലക്ഷ്യമിട്ടാണ് ഇത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റഷ്യൻ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യൻ വ്യോമപ്രതിരോധ സംവിധാനം 72 യുക്രൈനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് പ്രസ്താവനയിൽ അറിയിച്ചു.

ഈ ആക്രമണം വരും ദിവസങ്ങളിൽ റഷ്യയിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമാകുമോ എന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു