ഹരിപ്പാട് കരുവാറ്റയിൽ നടന്ന കൊലപാതകത്തിൽ പൊലീസ് അതിവേഗ നടപടിയെടുത്തു. വിവരമറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവം ഏറെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പിന്നാലെ ഡിഐജി യതീഷ് ചന്ദ്രയും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. എഡിജിപി പി. വിജയന്റെ നിർദേശപ്രകാരമാണ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചത്.
ഡിവൈഎസ്പി ടി. രാജപ്പൻ, സിഐ ബി. വിനോദ്കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.
വനിതാ സിഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടക്കത്തിൽ പ്രതിരോധിച്ചെങ്കിലും തെളിവുകൾ മുന്നിൽ വെച്ചപ്പോൾ അവൾക്ക് പിടിച്ചുനിൽക്കാനായില്ല.
തന്ത്രപരമായ നീക്കത്തിലൂടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ കൊല്ലത്തുനിന്നാണ് പിടികൂടിയത്.
ഇവർ വിറ്റ സ്വർണാഭരണങ്ങളും പൊലീസ് കൃത്യമായി കണ്ടെടുത്തു. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
എന്നാൽ പൊലീസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ഇവരുടെ പദ്ധതികളെല്ലാം തകർന്നു വീണു. ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും ഹരിപ്പാട് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.
പിടിയിലായ നാല് പേരും പതിനെട്ട വയസ്സിന് താഴെയുള്ളവരാണ്. അതിനാൽ ബാലനീതി നിയമപ്രകാരമുള്ള നടപടികളാണ് ഈ കേസിൽ ഉണ്ടാകുക.
ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഈ കേസുകളിൽ വിചാരണ നടത്തുന്നത്. വിചാരണ വേളയിൽ പൊലീസും അഭിഭാഷകരും യൂണിഫോം ഒഴിവാക്കും. മുതിർന്നവർ ചെയ്യുന്ന കുറ്റങ്ങളെ അപേക്ഷിച്ച് ഇവിടെ ലഘുവായ ശിക്ഷാവിധികളാണുണ്ടാവുക.
തടവുശിക്ഷ ലഭിക്കുന്ന കുട്ടികളെ പാർപ്പിക്കാൻ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ സാഹചര്യം മാറും.
ഇവരെ മുതിർന്നവരായിക്കണ്ട് വിചാരണ നടത്താൻ പൊലീസിന് കോടതിയെ സമീപിക്കാം. ജുവനൈൽ ജസ്റ്റിസ് ബോർഡ് മാനസികനില പരിശോധിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക.
കരുവാറ്റ കൊലപാതകത്തിലെ പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് കാട്ടി പൊലീസ് റിപ്പോർട്ട് നൽകും. ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കിയ നാല് പ്രതികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നൽകും.


