സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധതരം പനികൾ വ്യാപിക്കുന്നു. രണ്ടുദിവസത്തിലധികം പനി നീണ്ടുനിൽക്കുകയാണെങ്കിൽ അശ്രദ്ധ അരുത്.
കൃത്യസമയത്തുള്ള ചികിത്സ രോഗം ഗുരുതരമാകുന്നത് തടയുമെന്ന് കോഴിക്കോട് മുൻ ഡി.എം.ഒ ഡോ. കെ.കെ. രാജാറാം മുന്നറിയിപ്പ് നൽകുന്നു.
ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കണം. കടുത്ത പനി, കണ്ണിനു പിന്നിലെ വേദന, തലവേദന, ശാരീരികക്ഷീണം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എലിപ്പനിയാണെങ്കിൽ കണ്ണിലെ ചുവപ്പ് ഒരു സൂചനയാണ്. രോഗം തിരിച്ചറിയാൻ യഥാസമയം പരിശോധനകൾ നടത്തണം.
ശുദ്ധജലത്തിലാണ് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. അതിനാൽ വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.
ചിരട്ടകൾ, പാത്രങ്ങൾ, ഫ്രിഡ്ജിനടിയിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവ കൃത്യമായി പരിശോധിക്കുക. സന്ധ്യാസമയങ്ങളിലും പുലർച്ചെയും കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമാണ്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നു മുതൽ പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി മാറിയാലും മൂന്നു ദിവസം കൂടി ജാഗ്രത തുടരണം. ധാരാളം ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക. കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുത്താം. രോഗി നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ കിടക്കാൻ ശ്രദ്ധിക്കുക.
രോഗം ഗുരുതരമാകുന്നതിന്റെ ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- തുടർച്ചയായ ഛർദ്ദിയും വയറുവേദനയും.
- ശരീരഭാഗത്തുനിന്നുള്ള രക്തസ്രാവം.
- കറുത്ത മലം.
- ശ്വാസംമുട്ടും ശാരീരിക മരവിപ്പും.
- രക്തസമ്മർദ്ദം വല്ലാതെ കുറയുക.
- കുട്ടികൾ തുടർച്ചയായി കരയുക.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. കൃത്യമായ വിശ്രമവും ഭക്ഷണവും ചികിത്സയോടൊപ്പം അനിവാര്യമാണ്. ആരോഗ്യരംഗത്തെ നിർദ്ദേശങ്ങൾ പാലിച്ച് ഈ പനിയെ നമുക്ക് നേരിടാം.


