പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു . ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തമിഴ് സിനിമയിലെ ഒരു യുഗത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
സംവിധായകന്റെ വിയോഗത്തിൽ മോഹൻലാൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം ഒരു അപൂർവ പ്രതിഭയാണെന്ന് മോഹൻലാൽ ഓർമ്മിപ്പിച്ചു. തമിഴ് സിനിമയ്ക്ക് തന്റെ ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടെന്ന് അദ്ദേഹം കുറിച്ചു.
സംവിധായകൻ, നടൻ, കഥാകാരൻ എന്നീ നിലകളിൽ അദ്ദേഹം തിളങ്ങിയിരുന്നു. ബുദ്ധികൂർമ്മതയും ദീർഘവീക്ഷണവും കൊണ്ട് തലമുറകളെ അദ്ദേഹം രൂപപ്പെടുത്തി.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും മോഹൻലാൽ അനുശോചനം അറിയിച്ചു.
ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലാണ് മോഹൻലാലും പൂർണിമയും ഒന്നിച്ചത്. പൂർണിമ ഭാഗ്യരാജിന്റെ പത്നിയാണ്.
ഭാഗ്യരാജിന്റെ മകൻ ശന്തനുവിനൊപ്പം മോഹൻലാൽ ‘എയ്ഞ്ചൽ ജോൺ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1979-ൽ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’ എന്നിവ വലിയ ഹിറ്റുകളായി. ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സാധാരണക്കാരനായ നായക സങ്കൽപ്പത്തെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ ‘മിസ്റ്റർ മരുമകൻ’ എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിട്ടിരുന്നു.
മലയാളിയായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ പത്നി. ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ അദ്ദേഹം തമിഴ് സിനിമയെ ജനകീയമാക്കി. സിനിമാ ലോകം അദ്ദേഹത്തെ എന്നും ഓർമ്മിക്കും.


