Top News
kerala in power crisis; cliff house stays lit

ജനങ്ങൾ ഇരുട്ടിൽ; ക്ലിഫ് ഹൗസ് വെളിച്ചത്തിൽ

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷമായി തുടരുന്നതിനിടെ ക്ലിഫ് ഹൗസിലെ വൈദ്യുതി ലഭ്യതയെ ചൊല്ലി പുതിയ വിവാദം.

മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് പവർകട്ട് ഉണ്ടാകുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.

ക്ലിഫ് ഹൗസിനോട് ചേർന്നുള്ള ചില വീടുകളിലും വൈദ്യുതി മുടങ്ങുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്..

കഴിഞ്ഞ ദിവസങ്ങളായി വൈദ്യുതി എപ്പോൾ പോകുമെന്നോ എത്ര നേരം നീണ്ടുനിൽക്കുമെന്നോ വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജനങ്ങൾ.

ഇതിനിടെ ക്ലിഫ് ഹൗസിലേക്കുള്ള ഫീഡർ ഓഫ് ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ക്ലിഫ് ഹൗസിനായി രണ്ട് ഫീഡറുകൾ ഉള്ളതായും അവ ഓഫ് ചെയ്തിട്ടില്ലെന്നും പറയുന്നു.

ഇന്നലെ ക്ലിഫ് ഹൗസിന് സമീപമുള്ള പ്രദേശവാസികൾക്ക് രാത്രി 10.55ഓടെ പവർകട്ട് ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചിരുന്നെങ്കിലും സന്ദേശത്തിന് ശേഷവും വൈദ്യുതി മുടങ്ങിയില്ലെന്നാണ് ചില പ്രദേശവാസികൾ പറഞ്ഞത്.

അതേസമയം, നന്ദൻകോട് മേഖലയിലെ ഏതാനും വീടുകളിൽ മാത്രം ഇന്നലെ ഏകദേശം ഒരു മണിക്കൂർ വൈദ്യുതി മുടങ്ങി. ക്ലിഫ് ഹൗസ് പരിസരത്തിന് പുറത്തുള്ള മന്ത്രി മന്ദിരങ്ങളിൽ വൈദ്യുതി മുടങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും ഇൻവെർട്ടർ സൗകര്യമുള്ളതിനാൽ പൂർണമായും ഇരുട്ടിലാകുന്ന സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് പ്രധാന ബുദ്ധിമുട്ടായി ചൂണ്ടിക്കാണിക്കുന്നത്… അതേസമയം, സാധാരണ ജനങ്ങൾ മണിക്കൂറുകളോളം വൈദ്യുതി മുടക്കം നേരിടുമ്പോൾ ഭരണാധികാരികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വിമർശനവും ശക്തമാകുകയാണ്.

ജനങ്ങൾ അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ യഥാർഥ ബുദ്ധിമുട്ട് അധികാരകേന്ദ്രങ്ങളിലും അനുഭവപ്പെടുന്നുണ്ടോ എന്നതാണ് ഇതോടെ ചർച്ചയാകുന്നത്.

ക്ലിഫ് ഹൗസിലെ വൈദ്യുതി ലഭ്യത സംബന്ധിച്ച വിവാദവും സാമൂഹിക മാധ്യമങ്ങളിലെ വിമർശനവും ശക്തമായതോടെ ക്ലിഫ് ഹൗസിന് മാത്രമായി വൈദ്യുതി ലഭിക്കുന്ന രീതിയിലേക്ക് സംവിധാനം മാറ്റാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്.

അങ്ങനെ സംഭവിച്ചാൽ ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റ് വീടുകളിൽ പവർകട്ട് ഉണ്ടാകുകയും ക്ലിഫ് ഹൗസിൽ മാത്രം വൈദ്യുതി മുടങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം…. ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡർ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത് .

എന്നാൽ ഈ സംവിധാനത്തിന്റെ കൃത്യമായ വിശദാംശങ്ങളും പവർകട്ട് സമയത്ത് ക്ലിഫ് ഹൗസിലെ വൈദ്യുതി വിതരണം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കേണ്ടതുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു