കാസർകോട് ലഹരി കേസിൽ നിർണായക ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട കേസിൽ പ്രതികളുടെ ദുരൂഹ സാമ്പത്തിക സ്രോതസിലേക്ക് ഇതുവരെയും അന്വേഷണം എത്തിയിട്ടില്ലെന്നാണ് ആരോപണം.
ലഹരി മരുന്ന് വാങ്ങുന്നതിനായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
എറണാകുളത്തെ നിരവധി മൊബൈൽ ഷോപ്പുകളെ ഉപയോഗിച്ചായിരുന്നു പണമിടപാടുകൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രതികളായ മുഹമ്മദ് ഹുസൈനും സൈനുൽ ആബിദും മൊബൈൽ കടകളിൽ നേരിട്ട് പണം എത്തിക്കുകയും അവിടെനിന്ന് ലഹരി സംഘങ്ങൾക്ക് പണം കൈമാറുകയും ചെയ്തെന്നാണ് ആരോപണം.
പണം കൈമാറുന്നതിന്റെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇത്തരമൊരു മാർഗം സ്വീകരിച്ചതെന്നും സൂചനയുണ്ട്.
പെരുമ്പാവൂർ ഉൾപ്പെടെ നിരവധി മൊബൈൽ ഷോപ്പുകൾ ഇതിനായി ഉപയോഗിച്ചുവെന്നാണ് വിവരം.
ലഹരി മരുന്ന് എത്തിച്ചുനൽകിയ റിയയ്ക്ക് പ്രതികൾ നേരിട്ടും പണം നൽകിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ, ഇത്രയും വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ പ്രതികൾക്ക് പണം എവിടെനിന്ന് ലഭിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
പൊലീസിന് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടും പ്രതികളുടെ സാമ്പത്തിക സ്രോതസിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്നും, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാൻ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
അതേസമയം, കേസിൽ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെ മൂന്ന് പ്രതികൾ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചതും ചർച്ചയായിരിക്കുകയാണ്.
ജില്ലാ സെഷൻസ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അപേക്ഷ പിൻവലിച്ചത്.
അന്വേഷണ റിപ്പോർട്ട് പുറത്തുവരാതിരിക്കാനാണ് ജാമ്യാപേക്ഷ വൈകിപ്പിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
കഴിഞ്ഞ 41 ദിവസമായി പ്രതികൾ ജയിലിൽ കഴിയുകയാണ്.


