രാജ്യത്ത് നീറ്റ് യുജി (NEET-UG) പുനഃപരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷാ സമയം. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വൈകിട്ട് 6.20 വരെ പരീക്ഷ എഴുതാം.
ഇരുപത്തി രണ്ട് ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് പരീക്ഷയ്ക്ക് ഹാജരാകുന്നത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.
മുൻപ് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനാലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. പരീക്ഷ സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.
വിദ്യാർഥികൾ രാവിലെ 11 മണിക്കും 1.30 നും ഇടയിൽ റിപ്പോർട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം എത്തുന്ന ആരെയും പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാണ്. ഇതിനുപുറമെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും വിദ്യാർഥികൾ കയ്യിൽ കരുതണം. പരീക്ഷയ്ക്കായി രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വ്യോമസേനയുടെ സഹായത്തോടെയാണ് ചോദ്യപ്പേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ ഓരോ സംസ്ഥാനത്തും പരീക്ഷാ നടത്തിപ്പ് നേരിട്ട് ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷ നടക്കുന്ന 95,000 മുറികളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമക്കേടുകൾ തടയാൻ 51,311 ജാമറുകളും കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ, വ്യാജ ചോദ്യക്കടലാസ് വിൽക്കാൻ ശ്രമിച്ച യുവാവ് രാജസ്ഥാനിൽ പിടിയിലായി. വിപിഎൻ വഴി ടെലിഗ്രാമിലൂടെയായിരുന്നു പത്തൊൻപതുകാരനായ പ്രതിയുടെ തട്ടിപ്പ്.
ഇത്തരം തട്ടിപ്പുകളിൽ വിദ്യാർഥികൾ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കർശന പരിശോധനകൾക്ക് ശേഷമേ വിദ്യാർഥികളെ ഹാളിലേക്ക് കടത്തിവിടുകയുള്ളൂ.


