Top News
Chirayinkeezhu Congress Clash: Police File Cases Against Both Sides

ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും നേർക്കുനേർ; ഇരുകൂട്ടർക്കുമെതിരെ കേസ്

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എംഎൽഎ രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരടക്കമുള്ളവരാണ് പ്രതികൾ.

അതേസമയം സജാദും ഭാര്യ സിനിയും നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുകൂട്ടരുടെയും മൊഴി രാവിലെ പത്ത് മണിയോടെ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

താനും മക്കളും മാത്രമുള്ള വീട്ടിലേക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്നെന്നാണ് സജാദിന്റെ ഭാര്യ സിനി ആരോപിക്കുന്നത്.

കോൺഗ്രസ് നേതാവായ പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടെന്നും, പലതവണ പോസ്റ്റ് വായിക്കണമെന്ന് പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തിയെന്നും സിനി പറഞ്ഞു.

മകൾ ഭയന്ന് പോസ്റ്റ് വായിക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രദീപ് തന്നെ പിടിച്ച് തള്ളിയെന്നും ഇതോടെയാണ് സംഘർഷമുണ്ടായതെന്നും സിനി ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സിനി വ്യക്തമാക്കി.

ഇന്നലെയാണ് കേസിനാസ്പദമായ സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു.

എന്നാൽ യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തത് ജനപ്രതിനിധികൾ ചോദ്യം ചെയ്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് എത്തിയത്. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയതോടെ ചിറയിൻകീഴ് പൊലീസ് കേസെടുത്തിരിക്കുകയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു