ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതർക്ക് സുരക്ഷയും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു.
ഐജി അജിത ബീഗം ഐപിഎസിനാണ് ദൗത്യസേനയുടെ പ്രത്യേക ചുമതല. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഗാർഹിക പീഡനം നേരിടുന്നവർക്ക് നിയമസഹായം, കൗൺസിലിംഗ്, സുരക്ഷിത താമസം, ഉപജീവന പിന്തുണ എന്നിവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകളിലേക്കും സഹായം എത്തിക്കുന്ന സംവിധാനമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. അതിജീവിതരുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകും.
പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥർ നേരിട്ട് അതിജീവിതരെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുകയും തുടർ നിയമനടപടികൾ ഏകോപിപ്പിക്കുകയും ചെയ്യും.
ഔദ്യോഗിക വേഷത്തിന് പകരം സാധാരണ വേഷത്തിൽ ഉദ്യോഗസ്ഥർ എത്തുന്ന രീതിയും പദ്ധതിയുടെ പ്രത്യേകതയാണ്. കേസുകളുടെ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചതായി ആഭ്യന്തരവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
ഗാർഹിക പീഡനം മാനസികമായും ശാരീരികമായും സ്ത്രീകളെ തകർക്കുന്ന ‘നിശ്ശബ്ദ കൊലയാളി’യാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് ‘സ്പീക്ക് അപ്പ്’ മുന്നോട്ടുവയ്ക്കുന്നത്.
ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ പരിഗണിക്കുമെന്ന് അജിത ബീഗം വ്യക്തമാക്കി.


