Top News
kerala rain alert november 2026

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; ‘മുരാസു’ എത്തിയാൽ കേരളത്തിലും മഴ ശക്തമാകും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കും. ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചാൽ ‘മുരാസു’ എന്നായിരിക്കും പേര്.

ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ കേരളത്തിലും വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കും.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപവും ശക്തമായ ന്യൂനമർദം തുടരുകയാണ്.

അടുത്ത ആറു മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും.

പിന്നീട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ രണ്ടിന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനൊപ്പം കേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നവംബർ രണ്ടിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നവംബർ നാലിന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. അതിനാൽ മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം.

അതേസമയം, അതിശക്തമായ ചുഴലിക്കാറ്റായ ‘അർണബി’യുടെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിന് മുകളിലായി ന്യൂനമർദമായി തുടരുകയാണ്.

തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയിലേക്ക് ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോ എന്നും അതിന്റെ സ്വാധീനം കേരളത്തിലെ മഴയെ എത്രത്തോളം ബാധിക്കുമെന്നുമാണ് ഇനി ഉറ്റുനോക്കുന്നത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു