രാത്രി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ വാർത്ത ശ്രദ്ധിക്കണം. ഇനി രാത്രി സമയങ്ങളിൽ ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുമെന്ന് ഉറപ്പില്ല.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർബന്ധമായും നിർത്തിവയ്ക്കാൻ ഇന്ത്യൻ റെയിൽവേ നിർദേശം നൽകിയിരിക്കുകയാണ്.
ട്രെയിനുകളിലെ മൊബൈൽ ചാർജിങ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴയ ഉത്തരവാണ് റെയിൽവേ ഇപ്പോൾ വീണ്ടും കർശനമാക്കുന്നത്.
എല്ലാ റെയിൽവേ സോണുകളിലും നിർദേശം കൃത്യമായി നടപ്പാക്കണമെന്നും ഈ സമയത്ത് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ എല്ലാ കോച്ചുകളിലെയും മൊബൈൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്തിരിക്കണം.
ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ഇളവും അനുവദിക്കരുതെന്നാണ് നിർദേശം.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധനകൾ നടത്തും.
ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാർജിങ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ട്രെയിനിലെ ചാർജിങ് നിയന്ത്രണം വീണ്ടും കർശനമാക്കാൻ കാരണമായത് അടുത്തിടെ ഉണ്ടായ പവർ ബാങ്ക് പൊട്ടിത്തെറി സംഭവമാണ്.
ഒഡീഷയിലെ ബണ്ടമുണ്ടയ്ക്ക് സമീപം മുംബൈ–ഹൗറ മെയിലിലെ എസി കോച്ചിൽ യാത്രക്കാരന്റെ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പുലർച്ചെ 3.38 ഓടെയായിരുന്നു സംഭവം. ഇതോടെ കോച്ചിൽ പുകയും പരിഭ്രാന്തിയും ഉണ്ടായി. തീപിടിത്ത മുന്നറിയിപ്പ് സംവിധാനവും പ്രവർത്തിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
പവർ ബാങ്കിന്റെ ഉടമയായ യാത്രക്കാരന് മറ്റൊരു ബെർത്ത് അനുവദിക്കുകയും ചെയ്തു. ഏകദേശം 15 മിനിറ്റോളം നിർത്തിയിട്ട ട്രെയിൻ പിന്നീട് യാത്ര തുടർന്നു.
രാത്രി സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യേണ്ട നിർദേശം പാലിക്കാത്തത് റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷാ നടപടികൾ കർശനമാക്കിയത്.
2014-ൽ തന്നെ നിർദേശം നൽകിയിരുന്നു
ട്രെയിനുകളിലെ രാത്രി ചാർജിങ് നിയന്ത്രണം ഇതാദ്യമായല്ല. 2014 ജൂൺ 19-ന് തന്നെ റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു. ട്രെയിനിലുണ്ടായ തീപിടിത്ത സംഭവത്തെത്തുടർന്നായിരുന്നു അന്നത്തെ നടപടി.
എന്നാൽ ഈ നിർദേശം എല്ലായിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്.
ഇതോടെയാണ് എല്ലാ റെയിൽവേ സോണുകളിലും നിയമം കർശനമായി നടപ്പാക്കാൻ ഒക്ടോബർ 26-ന് ബോർഡ് വീണ്ടും നിർദേശം നൽകിയത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
രാത്രി യാത്രയ്ക്ക് പുറപ്പെടുന്നവർ മൊബൈൽ ഫോണും മറ്റ് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും യാത്ര തുടങ്ങുന്നതിന് മുമ്പ് ചാർജ് ചെയ്തുവയ്ക്കുന്നത് നല്ലതാണ്.
രാത്രി 11 മണിക്ക് ശേഷം പുലർച്ചെ 5 മണി വരെ ട്രെയിനിലെ ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കില്ലെന്ന് കരുതി യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തണം.
ചെറിയൊരു അശ്രദ്ധ പോലും ട്രെയിനിൽ വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാം.
അതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടത് പ്രധാനമാണ്.


