നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കോട്ടയം എംഎസിടി കോടതിയാണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽകണമെന്ന് വിധിച്ചത്.
കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അർഹരായിട്ടുള്ളത്.
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിയമനടപടികൾ തുടരുകയായിരുന്നു. വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
2023 ജൂൺ 5നാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം. സഹപ്രവർത്തകർക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കൊല്ലം സുധിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിതമായ അപകടത്തിലൂടെ കൊല്ലം സുധിയെ നഷ്ടപ്പെട്ട കുടുംബത്തിന് ഏറെ നാളുകൾക്ക് ശേഷമാണ് കോടതി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന കൊല്ലം സുധിയുടെ മരണത്തെ തുടർന്ന് ഭാര്യയ്ക്കും മക്കൾക്കും നേരിടേണ്ടി വന്ന സാമ്പത്തിക നഷ്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാര വിധി 1.77 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനി നൽകേണ്ടത്.


