കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതിയുടെ ജന്മദിനാഘോഷം, സദാനന്ദപുരം അവധൂതാശ്രമത്തിൽ കൊണ്ടാടി. നവതി ആഘോഷത്തിന്റെ ഭാഗമായി വിവിധ ആത്മീയ-ആദ്ധ്യാത്മിക ചടങ്ങുകൾ സംഘടിപ്പിച്ചു..
സദാനന്ദ സ്വാമികൾ സ്ഥാപിച്ച അവധൂതാശ്രമത്തിലെ അഞ്ചാമത്തെ മഠാധിപതിയാണ് സ്വാമി ചിദാനന്ദ ഭാരതി. പാലക്കാട് ജില്ലയിലെ ലക്കിടിയാണ് അദ്ദേഹത്തിന്റെ പൂർവാശ്രമം. പൂർവാശ്രമത്തിൽ തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ 1973-ലാണ് അദ്ദേഹം സദാനന്ദപുരം അവധൂതാശ്രമത്തിലെത്തിയത്.
അന്നത്തെ മഠാധിപതിയായിരുന്ന പ്രേമാനന്ദ ഭാരതി സ്വാമികളിൽ ആകൃഷ്ടനായി ആശ്രമത്തിൽ തുടരുകയും 1985-ൽ അദ്ദേഹത്തിൽ നിന്ന് സന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. 2003-ൽ മഠാധിപതിയായിരുന്ന ശങ്കരാനന്ദ ഭാരതി സ്വാമികളുടെ സമാധിക്കുശേഷമാണ് സ്വാമി ചിദാനന്ദ ഭാരതി അവധൂതാശ്രമത്തിന്റെ മഠാധിപതിയായി ചുമതലയേറ്റത്.
കഴിഞ്ഞ 23 വർഷമായി അവധൂത പരമ്പരയുടെ മഠാധിപതിയായി പ്രവർത്തിച്ചുവരുന്ന സ്വാമി ചിദാനന്ദ ഭാരതി ബഹുഭാഷാ പണ്ഡിതനാണ്. പാരമ്പര്യ ആയുർവേദത്തിലും അദ്ദേഹത്തിന് ആഴത്തിലുള്ള പാണ്ഡിത്യമുണ്ടെന്ന് ആശ്രമവുമായി ബന്ധപ്പെട്ടവർ പറയുന്നു.
നവതി ആഘോഷത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, നാരായണീയ പാരായണം, നവതി സമ്മേളനം തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിച്ചു.


