കൊച്ചി: കേരളത്തിൽ വിവിധയിടങ്ങളിൽ കവർച്ച നടത്തുന്ന അഞ്ചംഗ അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ എല്ലാവരും ഇതര സംസ്ഥാനക്കാരാണെന്ന് പൊലീസ് അറിയിച്ചു.
സംഘത്തിലെ രണ്ടുപേർ ഉത്തർപ്രദേശിൽ നിന്ന് വിമാനമാർഗ്ഗമാണ് കൊച്ചിയിലെത്തിയത്. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകൾ ഇവർ ട്രെയിൻ മാർഗ്ഗമാണ് കൊണ്ടുവന്നത്.
തൃശൂരിൽ കവർച്ച നടത്തിയ പ്രതികളെയാണ് കൊച്ചിയിൽ നിന്ന് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്ന് വലിയ അളവിൽ മോഷണ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
തീവണ്ടി മാർഗ്ഗമെത്തിച്ച ബൈക്കുകളിൽ കറങ്ങി നടന്നാണ് ഇവർ പ്രധാനമായും മോഷണം നടത്തിയിരുന്നത്. തൃശൂർ ബിഎസ്എൻഎൽ ജംഗ്ഷൻ ബോക്സിൽ ഇവർ മോഷണത്തിന് ശ്രമിക്കുകയുണ്ടായി.
തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ അവിടെ കവർച്ചയ്ക്ക് ശ്രമിച്ചത്.
സംശയം തോന്നിയ നാട്ടുകാർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതികൾ സംഭവസ്ഥലത്തു നിന്നും ചിതറിയോടാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.
ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. നിർമ്മാണം നടക്കുന്ന വീടുകളിലാണ് ഇവർ പ്രധാനമായും കവർച്ച നടത്തിയിരുന്നത്.
കോപ്പർ സ്ട്രീപ്പ് ഉപയോഗിക്കുന്ന വൻകിട ജനറേറ്ററുകളും ഇവർ ലക്ഷ്യമിട്ടിരുന്നു.
അന്വേഷണത്തിൽ ഇവർ കൊച്ചിയിലുണ്ടെന്ന് പൊലീസിന് കൃത്യമായ വിവരവും ലഭിച്ചു. തുടർന്ന് കൊച്ചി പൊലീസിന്റെ സഹായത്തോടെ കളമശ്ശേരിയിൽ വെച്ച് പ്രതികളെ വലയിലാക്കുകയായിരുന്നു.
ആർക്കും സംശയം തോന്നാതിരിക്കാൻ ഇവർ പ്രത്യേക തരം വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
നിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന കേബിൾ കട്ടറുകൾ കണ്ടെടുത്തിട്ടുണ്ട്. വിവിധ തരം താക്കോലുകളും പൊലീസ് ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ മുൻപും സമാനമായ മോഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


