ഇന്ത്യയും വിയറ്റ്നാമും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതി ബ്രിട്ടനെ പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ സ്റ്റീൽ ഇറക്കുമതി ക്വാട്ട വർധിപ്പിച്ച നടപടിയിൽ ടാറ്റ ഗ്രൂപ്പ് കടുത്ത മുന്നറിയിപ്പ് നൽകി.
ചൈന, ഇന്ത്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള നികുതിയില്ലാത്ത സ്റ്റീൽ ഇറക്കുമതി ക്വാട്ടയാണ് ബ്രിട്ടൻ വർധിപ്പിച്ചത്.
പുതിയ വ്യവസ്ഥ പ്രകാരം വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതി 51,000 ടണ്ണിൽ നിന്ന് 1,74,000 ടണ്ണായി ഉയർന്നു. ഇന്ത്യയുടെ സ്റ്റീൽ ഇറക്കുമതി ക്വാട്ട 98,000 ടണ്ണിൽ നിന്ന് 1,25,000 ടണ്ണായും വർധിപ്പിച്ചിട്ടുണ്ട്.
ഈ നിശ്ചിത പരിധിക്ക് പുറത്തുള്ള സ്റ്റീൽ ഇറക്കുമതിക്ക് 50 ശതമാനം താരിഫാണ് ചുമത്തുക.
യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാതാക്കളാണ് ടാറ്റ. അവിടത്തെ ലാവൻഡർ പ്ലാന്റിൽ പ്രതിവർഷം 6,00,000 ടൺ ഗാൽവനൈസ്ഡ് സ്റ്റീൽ ടാറ്റ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയ്ക്കും വിയറ്റ്നാമിനും മാത്രമായി യുകെയുടെ വാർഷിക ഉത്പാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്യാൻ കഴിയും.
നിലവിലെ ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ യുകെയിലെ ടാറ്റയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. മറ്റ് വിപണികളിൽ നിന്ന് ഒഴിവാക്കുന്ന വിലകുറഞ്ഞ ഉരുക്കിന്റെ ഡമ്പിങ് ഗ്രൗണ്ടായി യുകെ മാറുമെന്ന് ടാറ്റ വ്യക്തമാക്കുന്നു.
ഇത് രാജ്യത്തെ ആഭ്യന്തര സ്റ്റീൽ നിർമാണ മേഖലയെ ഗുരുതരമായി ബാധിക്കും.
യൂറോപ്യൻ യൂണിയൻ പോലുള്ള മറ്റ് പ്രമുഖ വിപണികൾ യുകെയിൽ നിന്നുള്ള താരിഫ് രഹിത ക്വാട്ടകൾ കുറയ്ക്കുകയാണ്. എന്നാൽ യുകെയാകട്ടെ ഇറക്കുമതി നടപടികൾ കൂടുതൽ ഉദാരമാക്കുകയാണ് ചെയ്യുന്നത്.
ഇത് മറ്റ് വിപണികളിൽ നിന്നുള്ള വിലകുറഞ്ഞ സ്റ്റീൽ യുകെയിലേക്ക് ഒഴുകിയെത്താൻ കാരണമാകും. സ്റ്റീൽ വ്യവസായം ഈ രീതിയിൽ അസ്ഥിരമായാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും ടാറ്റ മുന്നറിയിപ്പ് നൽകുന്നു.


