തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയും ഇപ്പോൾ കടുത്ത സംശയനിഴലിലാണ്. പരീക്ഷാ നടത്തിപ്പിൽ വ്യാപകമായ രാഷ്ട്രീയ ഇടപെടൽ നടന്നതായാണ് പുതിയ ആക്ഷേപം.
ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ട് പരാതി ലഭിച്ചിട്ടുണ്ട്.
നാലര ലക്ഷത്തോളം ഉദ്യോഗാർഥികൾ എഴുതിയ പ്രാഥമിക പരീക്ഷ ഒഎംആർ രീതിയിലാണ് നടത്തിയത്. എന്നാൽ പന്ത്രണ്ടായിരത്തോളം ഉത്തരക്കടലാസുകൾ ഒഎംആർ മെഷീൻ സ്വീകരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് ഈ ഉത്തരക്കടലാസുകൾ 21 പിഎസ്സി ഉദ്യോഗസ്ഥരെക്കൊണ്ട് മാനുവലായി മൂല്യനിർണയം നടത്തിച്ചു. ഈ നടപടിയാണ് ഇപ്പോൾ വലിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇതിനെതിരെ പിഎസ്സിക്ക് നിരവധി പരാതികൾ ലഭിച്ചെങ്കിലും ഒടുവിൽ തുടർനടപടികൾ ഒന്നും ഉണ്ടായില്ല. പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ അട്ടിമറിക്ക് പിന്നാലെയാണ് 2020ൽ കെഎഎസ് പരീക്ഷ നടന്നത്.
അന്ന് ആരോപണങ്ങൾ ഉയർന്നപ്പോൾ പിഎസ്സി സെക്രട്ടറി പരാതിക്കാർക്കെതിരെ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. സെക്രട്ടേറിയറ്റിലെ യുഡിഎഫ് അനുകൂല സംഘടനയിലെ ജീവനക്കാർക്കെതിരെയായിരുന്നു ഈ പ്രതികാര നടപടി.
രണ്ട് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ തടയുകയും ഒരാളുടെ പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥർ ഇപ്പോൾ യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുണ്ട്.
ഇവരും നിലവിൽ കെഎഎസ് പരീക്ഷാ ക്രമക്കേടിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതികളിൽ കെഎഎസിനെതിരെയുള്ളവ പ്രത്യേകം അന്വേഷിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.


