ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ മുഖ്യസൂത്രധാരന്റെ കോടികൾ വിലമതിക്കുന്ന ആഡംബര വീട് അധികൃതർ ഉടൻ ഇടിച്ചുനിരത്തിയേക്കും.
കേസിലെ മുഖ്യപ്രതിയായ ലവ്കുശ് മിശ്രയുടെ ഭാര്യയുടെ പേരിലുള്ള വീടിനാണ് അയോധ്യ വികസന അതോറിറ്റി നോട്ടീസ് നൽകിയത്.
സുപ്രിയ മിശ്രയുടെ പേരിലുള്ള ഈ നിർമാണം പൂർണ്ണമായും അനധികൃതമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലവ്കുശ് മിശ്ര ഉൾപ്പെടെ എട്ടുപേരെയാണ് സംഭാവന തട്ടിപ്പുകേസിൽ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
രാമക്ഷേത്രത്തിൽ ജോലി ലഭിച്ചതിനു ശേഷമാണ് ലവ്കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതിയിൽ പെട്ടെന്ന് വൻ വളർച്ചയുണ്ടായത്. ഈ സാമ്പത്തിക വളർച്ചയ്ക്ക് പിന്നാലെയാണ് സോഹാവൽ തഹസിലിലെ ബൻവീർപുർ ഗ്രാമത്തിൽ കൂറ്റൻ വീട് ഉയർന്നത്.
പ്രതികളുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയായിരുന്നു. ഈ പരിശോധനയ്ക്കിടയിലാണ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിർമിച്ച ഈ ആഡംബര വീട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അന്വേഷണസംഘം ലവ്കുശ് മിശ്രയുടെ വീട്ടിൽ വീണ്ടും വിശദമായ റെയ്ഡ് നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. കേസിൽ ഏറ്റവും കൂടുതൽ തുക പിടിച്ചെടുത്തത് പ്രതിയായ അവിനാഷ് ശുക്ലയുടെ പക്കൽ നിന്നാണെന്ന് പോലീസ് അറിയിച്ചു.
ഇയാൾക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കാനാണ് ഇപ്പോൾ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങൾ.


