കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
അൻസിബയെ ‘ജിഹാദി’ എന്നും മതതീവ്രവാദി എന്നും ടിനി ടോം വിളിച്ചതായി എഫ്ഐആറിൽ പറയുന്നു. കൂടാതെ, നടിക്കെതിരെ അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ വെച്ചായിരുന്നു സംഭവം. താരസംഘടനയായ ‘അമ്മ’യുടെ കുടുംബയോഗത്തിനായി നടന്ന റിഹേഴ്സലിനിടെയാണ് അധിക്ഷേപം ഉണ്ടായത്.
അൻസിബയുടെ മതപരമായ വ്യക്തിത്വത്തെ ടിനി ടോം വ്രണപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ടിനി ടോമിന്റെ പരാമർശങ്ങൾ തമാശയായിരുന്നെന്ന് കാട്ടി കടവന്ത്ര പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ടിനി ടോമിനെതിരെ നടപടിയെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ നീന കുറുപ്പിന്റെ മൊഴി കേസിൽ നിർണായകമായി. ടിനി ടോം അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങൾ സംസാരിച്ചത് കേട്ടിട്ടുണ്ടെന്ന് നീന മൊഴി നൽകി.
ശ്വേതാ മേനോനും സമാനമായ കാര്യം പറഞ്ഞതായി നീന വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കൽ, മതപരമായ അധിക്ഷേപം എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ താരസംഘടനയ്ക്കുള്ളിലെ ഭിന്നതകളും പുറത്തുവരികയാണ്. പോലീസ് അന്വേഷണം നിയമപരമായി തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പ്രതികരിച്ചു.


