തൃശൂർ: ലോഡ്ജിൽ മുറിയെടുത്ത് പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ചു. എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്.
സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ചോദ്യം ചെയ്യലിന് വിധേയനായി വരികയാണ്.
കഴിഞ്ഞ 27-ാം തീയതി ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. യുവതി ഗർഭിണിയാണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി.
പിന്നീട് ഫോണിൽ വിളിച്ചിട്ട് ലഭിക്കാതായതോടെ ഓട്ടോ ഡ്രൈവർ ലോഡ്ജിൽ തിരിച്ചെത്തി. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് ലോഡ്ജ് അധികൃതരും പോലീസും ചേർന്ന് വാതിൽ ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് യുവതിയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


