കലാസൂര്യയുടെ രണ്ടാംഭർത്താവിലുള്ള മകൾ അനശ്വരയാണ് കൊല്ലപ്പെട്ടത്. ഏകദേശം മൂന്നാഴ്ച മുൻപായിരുന്നു കൊലപാതകം. കുട്ടിയെ കാണാനില്ലെന്നുകാട്ടി ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കലാസൂര്യയുടെ അമ്മ സന്ധ്യ പുനലൂർ പോലീസ് ഇൻസ്പെക്ടർ എസ്. വിജയ്ശങ്കറിന് പരാതി നൽകിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പുനലൂരിൽ അകന്ന ബന്ധുവിനൊപ്പം താമസിച്ചുവന്നിരുന്ന കലാസൂര്യയെ ചോദ്യംചെയ്തതിൽ, ഭർത്താവും മകളുമൊത്ത് മധുരയിൽ കഴിഞ്ഞുവരവെ മദ്യലഹരിയിൽ ഭർത്താവ് കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന മൊഴിയാണ് കേസിന്റെ ഗതിതിരിച്ചത്. മൃതദേഹം മറവുചെയ്യാൻ കലാസൂര്യ സഹായിച്ചെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു.

ഏതാനും വർഷംമുൻപ് പുനലൂർ കലയനാട്ടുള്ള ഒരാളെയാണ് കലാസൂര്യ ആദ്യം വിവാഹം കഴിച്ചതെന്ന് പോലീസ് പറയുന്നു. ഇതിൽ ആൺകുട്ടി ജനിച്ചിരുന്നു. പിന്നീട് ഇവരെ ഉപേക്ഷിച്ച് അഞ്ചൽ വടമണിലുള്ള ഒരാൾക്കൊപ്പം കഴിഞ്ഞു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. വടമൺ സ്വദേശിയുമായി പരിഞ്ഞശേഷമാണ് രണ്ടുവർഷംമുൻപ് കണ്ണനെ പരിചയപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴയിൽവെച്ച് വിവാഹം കഴിച്ചശേഷം മകളും കണ്ണനുമൊത്ത് തെങ്കാശിയിലും പിന്നീട് മധുരയിലുമായി താമസിച്ചുവരികയായിരുന്നു. ചെക്കാനൂരിലുള്ള ചന്ദ്രൻ എന്നയാളുടെ കോഴിഫാമിലായിരുന്നു കണ്ണന് ജോലി. കണ്ണന്റെ അമ്മ രാസാത്തിയും ഫാമിനടുത്തായിരുന്നു താമസം.
കുട്ടി തന്റേതല്ലാത്തതിനാൽ കണ്ണനും രാസാത്തിയും സ്ഥിരമായി വഴക്കുണ്ടാക്കുകയും കുട്ടിയെയും കലാസൂര്യയെയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുമായിരുന്നത്രേ. മൂന്നാഴ്ച മുൻപ് വഴക്കിനിടയിൽ മദ്യലഹരിയിലായിരുന്ന കണ്ണൻ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കലാസൂര്യ മൊഴിനൽകിയത്.
കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ കലാസൂര്യ ആദ്യം പരസ്പരവിരുദ്ധമായ മൊഴിനൽകിയതാണ് പോലീസിന് സംശയം തോന്നാനിടയാക്കിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, പുനലൂർ എഎസ്‌പി ഡോ. ഒ. അപർണ എന്നിവരുടെ നിർദേശപ്രകാരം എസ്‌ഐ എൻ. രാജേഷ്, എഎസ്‌ഐ ഷൈലജ, സിപിഒ ജംഷീദ് എന്നിവർ തമിഴ്‌നാട്ടിലെത്തി ഉസിലാംപെട്ടി ചെക്കനുറാണി പോലീസ് ഇൻസ്പെക്ടറെ വിവരം ധരിപ്പിച്ചു. തുടർന്ന് ചെക്കനുറാണി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചതും കണ്ണനെയും കലാസൂര്യയെയും അറസ്റ്റുചെയ്തതും. പുനലൂർ ഇൻസ്പെക്ടർക്കു പുറമേ എസ്‌ഐമാരായ എം.എസ്. അനീഷ്, ശിശിര, സീനിയർ സിപിഒ പ്രീതാ പാപ്പച്ചൻ, സിപിഒ ശ്രീക്കുട്ടൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.


